
പത്തനംതിട്ട: പീഡനക്കേസ് പ്രതിയെ തിരിച്ചെടുത്ത സംഭവത്തിൽ തർക്കവും വിവാദവും അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ച് സിപിഎം. സി.സി. സജിമോനെ പാർട്ടിയിൽ തിരിച്ചെടുത്തതും തുടർന്നുള്ള തർക്കവും മൂന്നംഗ കമ്മീഷൻ അന്വേഷിക്കും. സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശ പ്രകാരമാണ് മൂന്നംഗ കമ്മീഷനെ നിയോഗിച്ചത്. തിരുവല്ലയിലെ ഒരു പുരോഹിതൻ വഴി ഇ.പി ജയരാജൻ ഇടപെട്ട് പുറത്താക്കൽ നടപടി റദ്ദാക്കിയെന്ന് ആരോപണം ഉയർന്നതിന് പിന്നാലെയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
സജിമോനും ഏരിയ സെക്രട്ടറിയും ചേർന്ന് തിരുവല്ലയിലെ ഒരു പുരോഹിതൻ വഴി മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജനെ കൊണ്ട് പാർട്ടി നടപടി റദ്ദാക്കിച്ചെന്നാണ് ആരോപണം. തുടർച്ചയായി ക്രിമിനൽ കേസുകളിലും വിവാദങ്ങളിലും ഉൾപ്പെട്ട് പാർട്ടിക്ക് ആകെ നാണക്കേടായപ്പോഴാണ് സി.സി. സജിമോനെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത ചർച്ചയ്ക്ക് പിന്നാലെ പുറത്താക്കിയത്.
എന്നാൽ തിരുവല്ലയിലെ ഔദ്യോഗിക വിഭാഗത്തിന്‍റെ പിന്തുണയിൽ കൺട്രോൾ കമ്മീഷൻ വഴി നടപടി റദ്ദാക്കി. പിന്നാലെ സജിമോനെ ടൗൺ നോര്‍ത്ത് ലോക്കൽ കമ്മിറ്റിയിൽ തിരിച്ചെടുത്തു. ഇതിലാണ് പാർട്ടി പ്രവർത്തകൻ അതിജീവിതയുടെ സഹോദരന്‍റെ ആരോപണം. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മുൻപാകെ ഒരു പരാതിയും തനിക്ക് ഇല്ലെന്ന് അതിജീവിത തന്നെ പറഞ്ഞതായി ഔദ്യോഗിക വിഭാഗം അവകാശപ്പെടുന്നുണ്ട്.
സിപിഎം തിരുവല്ല ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിഭാഗവും, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം നേതൃത്വം കൊടുക്കുന്ന എതിർ ചേരിയും തമ്മിൽ പാര്‍ട്ടിക്കകത്ത് പോര് ശക്തമാവുകയാണ്. വിവാദം അവസാനിപ്പിക്കാൻ സംസ്ഥാന നേതൃത്വത്തിന് പോലും കഴിയുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam