അരൂരിലെ സ്ഥാനാര്‍ത്ഥി: യുവനേതാവിനെ പിന്തുണച്ച് സുധാകരന്‍, ചിത്തരജ്ഞനൊപ്പം ഐസക്

By Web TeamFirst Published Sep 24, 2019, 9:56 PM IST
Highlights

വെള്ളാപ്പള്ളിയെ പിണക്കാതെയുള്ള തീരുമാനത്തിന് അരൂരിൽ സിപിഎം മുതിർന്നാൽ സി.ബി. ചന്ദ്രബാബുവിനാവും നറുക്ക് വീഴുക

ആലപ്പുഴ: അരൂരിലെ ഇടതുമുന്നണി സ്ഥാനാർത്ഥി നിർണയം സിപിഎമ്മിന് എളുപ്പമാവില്ല. അവസാന പട്ടികയിലുള്ള പേരുകളിൽ നിന്ന് സാമുദായിക ഘടകങ്ങളും വിജയസാധ്യതയും നോക്കി തീരുമാനമെടുക്കുക ജില്ലാ സെക്രട്ടറിയേറ്റിന് വെല്ലുവിളിയാണ്. സുധാകര - ഐസക് പക്ഷങ്ങളുടെ നിലപാടും നിർണായകമാണ്.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തര‍‍ഞ്ജൻ, ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് മനു സി പുളിക്കൽ തുടങ്ങിയ പേരുകളാണ് അവസാനവട്ട പരിഗണനയിൽ. ജില്ലാ സെക്രട്ടറിയേറ്റിനോടും കീഴ്ഘടങ്ങളോടും ചർച്ച ചെയ്ത് അന്തിമ തീരുമാനം അറിയിക്കാനാണ് പാർട്ടി നിർദേശം. 

വൈള്ളാപ്പള്ളിയെ പിണക്കാതെയുള്ള തീരുമാനത്തിന് അരൂരിൽ സിപിഎം മുതിർന്നാൽ സി.ബി. ചന്ദ്രബാബുവിന് നറുക്ക്‍ വീഴും. എന്നാൽ കോന്നിയിലും വട്ടിയൂർക്കാവിലും സാമുദായിക സമവാക്യങ്ങൾ മാറിമറിഞ്ഞാൽ ചിത്തരജ്ഞനിലേക്കും മനു സി പുളിക്കലിലേക്കും ചർച്ച നീളും.മനു സി. പുളിക്കലിന്‍റെ പേരിനെ സുധാകരപക്ഷം പിന്തുണയ്ക്കുമ്പോൾ ചിത്തരജ്ഞന്‍റെ പേരിനൊപ്പമാണ് ഐസക് പക്ഷം. 

നാളെ ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റിലും അരൂർ തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റിയിലും സ്ഥാനാർത്ഥി ചർച്ചകൾ നടക്കും. തർക്കം തുടർന്നാൽ സി.ബി. ചന്ദ്രബാബുവെന്ന ഒറ്റപ്പേരിലേക്ക് ജില്ലാ നേതൃത്വം നീങ്ങും. യുഡിഎഫ് സ്ഥാനാർത്ഥിയെ അറിഞ്ഞശേഷം അന്തിമ തീരുമാനം എടുത്താൽ മതിയെന്ന ആലോചനയും സിപിഎമ്മിലുണ്ട്.

click me!