
തൃശൂർ: ആലപ്പുഴയിലെ ഷാൻ വധക്കേസ് (Alappuzha Shan Murder) പ്രതികൾക്ക് ഒളിത്താവളം ഒരുക്കിയ സംഭവത്തിൽ മുഴുവൻ കുറ്റവാളികളെയും പിടികൂടി നിയമനടപടികൾക്ക് സ്വീകരിക്കണമെന്ന് സിപിഎം (Cpim) തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് (M M Vargheese). പ്രതികളെ ഒളിപ്പിച്ചതിന് പിന്നിൽ ബിജെപി, ആർഎസ്‌എസ് സംസ്ഥാന–- ജില്ലാ നേതാക്കൾക്ക് പങ്കുണ്ട്. ഇത് ആപത്‌കരമായ സൂചനയാണ്. ആലപ്പുഴയിൽ എസ്ഡിപിഐ നേതാവിനെ കൊലപ്പെടുത്തിയ സംഘത്തിനാണ് കള്ളായിയിൽ ആർഎസ്എസ് നേതാവ് ഒളിത്താവളം ഒരുക്കിയത്.
സംഭവത്തിൽ ആർഎസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് കള്ളായി കല്ലംകുന്നേൽ വീട്ടിൽ കെ ടി സുരേഷ് ( സുധീഷ്–- 49), ആർഎസ്‌എസ് പ്രവർത്തകൻ കള്ളായി മംഗലത്ത് വീട്ടിൽ ഉമേഷ് (27) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പ്രതികളെ രക്ഷപെടാൻ സഹായിച്ചവരെന്ന് സംശയമുള്ളവരാണ് ഇവരെന്ന് പൊലീസ് പറയുന്നു. കേസിൽ ഇന്നും രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്.
ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ ശ്രീരാജ്, പ്രണവ് എന്നിവരാണ് പിടിയിലായത്. കൊലയാളി സംഘത്തിന് വഴികാട്ടിയത് ഇവരാണ്. ഇതോടെ ഷാൻ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. അതിനിടെ, ഷാൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ റിമാൻഡ് റിപ്പോർട്ടിലെ വിശദാംശങ്ങള്‍ പുറത്ത് വന്നു. കൊലപാതകത്തിൻ്റെ ആസൂത്രണം ചേർത്തലയിൽ വച്ചായിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് മാസം മുമ്പ് ആസൂത്രണത്തിന് രഹസ്യ യോഗം ചേർന്നിരുന്നു.
ആ യോഗത്തില്‍ കൊലപാതകത്തിനായി ഏഴ് പേരെ നിയോഗിച്ചു. ഡിസംബർ 15 ന് വീണ്ടും യോഗം ചേർന്നു. ചേർത്തല പട്ടണക്കാട് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവർത്തകൻ്റെ കൊലപാതകത്തിന് പ്രതികാരമാണ് ഷാൻ്റെ കൊലപാതകമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു. ആസൂത്രണം ചില നേതാക്കൾക്ക് അറിയാമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷാൻ്റെ കൊലയ്ക്ക് ശേഷം എത്തിയ സംഘാംഗങ്ങൾ രണ്ട് ടീമായി രക്ഷപ്പെട്ടു. പ്രതികള്‍ക്ക് രക്ഷപെടാനും നേതാക്കളുടെ സഹായം കിട്ടി. കൊലയാളി സംഘാംഗങ്ങൾ അടക്കം ആകെ 16 പ്രതികളാണ് കേസിലുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam