
കണ്ണൂർ: പാർട്ടി കോൺഗ്രസിന് മുൻപ് കണ്ണൂരിലെ ചേരിപ്പോര് തീർക്കാൻ സിപിഎം ശ്രമം. മുതിർന്ന നേതാവും പിബി അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ഇന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരും. ഇപി ജയരാജനടക്കം ഇടഞ്ഞു നിൽക്കുന്ന നേതാക്കളെ അനുനയിപ്പിക്കലാണ് പ്രധാന ലക്ഷ്യം. പി ജയരാജനെതിരായ വിമർശനവും യോഗം ചർച്ച ചെയ്യും.
ഇന്ന് നടക്കുന്ന ജില്ല സെക്രട്ടറിയേറ്റിലും നാളത്തെ ജില്ലാ കമ്മറ്റിയിലും കോടിയേരി ബാലകൃഷ്ണൻ മുഴുവൻ സമയവും പങ്കെടുക്കും. അർഹിക്കുന്ന സ്ഥാനം ലഭിച്ചില്ലെന്ന് ആരോപിച്ച് പാർട്ടിക്കകത്ത് പ്രതിഷേധിച്ച മുതിർന്ന നേതാവ് എം സുരേന്ദ്രനെ അനുനയിപ്പിക്കലാണ് പ്രധാന ദൗത്യം. സ്വർണ്ണക്കടത്ത് ക്വട്ടേഷനുമായി ബന്ധപ്പെട്ട് പി ജയരാജനും കെപി സഹദേവനും സെക്രട്ടറിയേറ്റിൽ പരസ്യമായി ഏറ്റുമുട്ടിയതിൽ ഇരുവരെയും പാർട്ടി വിമർശിച്ചിരുന്നു.
പാർട്ടി തഴഞ്ഞതിൽ ഇപി ജയരാജൻ, എം പ്രകാശൻ ഉൾപ്പടെയുള്ള നേതാക്കൾക്കും പ്രതിഷേധമുണ്ട്. ഈ വിഷയങ്ങളിലടക്കം ജില്ലയിലെ പാർട്ടിക്കകത്തെ തർക്കങ്ങൾ പരിഹരിച്ച് ഒരുമിച്ച് കൊണ്ടുപോകലാണ് കോടിയേരിയുടെ ലക്ഷ്യം. അതേസമയം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ചർച്ചകൾക്കാണ് കോടിയേരി എത്തിയതെന്നാണ് സിപിഎമ്മിന്റെ ഔദ്യോഗിക വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam