
പാലക്കാട്: സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയർമാനുമായ പി.കെ.ശശിക്കെതിരായ പരാതിയിൽ ഇന്ന് മണ്ണാർക്കാട് ലോക്കൽ, ഏരിയ കമ്മിറ്റികളിൽ ചർച്ച നടക്കും. ജില്ലാ സെക്രട്ടറിക്ക് പുറമേ ജില്ലയിലെ സംസ്ഥാന നേതാക്കളും യോഗത്തിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൻ്റെ തീരുമാനപ്രകാരമാണ് ഇന്നത്തെ ചർച്ച.
രാവിലെ പത്തു മണിക്ക് മണ്ണാർക്കാട് ഏരിയ കമ്മിറ്റിയും ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ലോക്കൽ കമ്മിറ്റിയും ചേരും. പി.കെ.ശശിക്കെതിരെ ഉയർന്ന സാമ്പത്തിക ക്രമക്കേടുകളും വഴിവിട്ട നിയമനങ്ങളും മറ്റു ആരോപണങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. മണ്ണാർക്കാട് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ കെ.മൻസൂർ മാസങ്ങൾക്ക് മുമ്പാണ് രേഖകൾ സഹിതം ശശി നടത്തിയ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികൾ ജില്ലാ സംസ്ഥാന നേതൃത്വത്തിൻ്റെ ശ്രദ്ധയിലെത്തിച്ചത്.
എന്നാൽ തുടക്കത്തിൽ പാർട്ടി പരാതി പരിശോധിച്ചില്ല. പിന്നീട് ഈ വിഷയം ഏഷ്യാനെറ്റ് ന്യൂസിലൂടെ വാർത്തയായതോടെ, സംസ്ഥാന നേതൃത്വം നേരിട്ട് വിഷയത്തിൽ ഇടപെടുകയായിരുന്നു. മണ്ണാർക്കാട് സഹകരണ എജുക്കേഷൻ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്സൽ കോളേജിനു വേണ്ടി പാർട്ടി അറിയാതെ ധനസമാഹരിച്ചെന്നും അത് ദുർവിനിയോഗം ചെയ്തെന്നുമാണ് പാർട്ടിക്ക് മുന്നിലെത്തിയ ഒരു പരാതി.
സിപിഎം നിയന്ത്രണത്തിലുളള വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് 5.49 കോടി രൂപയാണ് ഓഹരിയായി സമാഹരിച്ചത്. പലിശയോ ലാഭമോ കിട്ടാതായതോടെ, ബാങ്കുകൾ കടക്കെണിയിലായി. ഇഷ്ടക്കാരെ സഹകര സ്ഥാപനങ്ങളിലെ ജോലിയിൽ തിരുകി കയറ്റിയെന്ന പരാതിയും കീഴ്ഘടകങ്ങളിൽ ചർച്ച ചെയ്യും. പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു , സംസ്ഥാന കമ്മറ്റി അംഗം സി.കെ രാജേന്ദ്രൻ എന്നിവരും യോഗങ്ങളിൽ പങ്കെടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam