'വലുത് പാർട്ടി, വ്യക്തികളല്ല; പി. ജയരാജനും എം സ്വരാജും പാർട്ടിയെ നയിക്കണം', പിണറായിക്കും ഗോവിന്ദനുമെതിരെ ഫ്ലക്സ്

Published : May 05, 2026, 05:17 PM IST
PINARAYI VIJAYAN

Synopsis

സിപിഎമ്മിന്റെ ശക്തികേന്ദ്രമായ മട്ടന്നൂരിൽ മുഖ്യമന്ത്രി പിണറായി വിജയനും എം വി ഗോവിന്ദനുമെതിരെ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പി. ജയരാജനും എം. സ്വരാജും പാർട്ടിയെ നയിക്കണമെന്നാവശ്യപ്പെടുന്ന ബോർഡുകൾ, തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയിലുയരുന്ന ഭിന്നതയുടെ സൂചനയായി. സംഭവം വിവാദമായതോടെ പാർട്ടി പ്രവർത്തകർ തന്നെ ഇവ നീക്കം ചെയ്തു.

കണ്ണൂർ: സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ മട്ടന്നൂരിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ ഫ്ലക്സ് ബോർഡുകൾ. മട്ടന്നൂർ കോളയാട് പഞ്ചായത്തിലെ ഈരായിക്കൊല്ലിയിലാണ് നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ടുള്ള ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടത്. 'പാർട്ടിയാണ് വലുത്, വ്യക്തികളല്ല' എന്ന വലിയ തലക്കെട്ടോടെയാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. നിലവിലെ പാർട്ടി നേതൃത്വത്തിന് നേരെ കടുത്ത വിമർശനമാണ് ബോർഡിലുടനീളമുള്ളത്. പി. ജയരാജനും എം. സ്വരാജും പാർട്ടിയെ നയിക്കണമെന്ന ആവശ്യവും ഫ്ലക്സിൽ ഉന്നയിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെയും എം.വി. ഗോവിന്ദന്റെയും പേരെടുത്ത് പരാമർശിച്ചാണ് വിമർശനം.

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ ആത്മപരിശോധന വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് പാർട്ടി ഗ്രാമങ്ങളിൽ നിന്ന് തന്നെ നേതൃത്വത്തിനെതിരെയുള്ള നീക്കം. സോഷ്യൽ മീഡിയയിൽ പി. ജയരാജനെ അനുകൂലിച്ചും പിണറായി വിജയനെ വിമർശിച്ചും ചർച്ചകൾ സജീവമായതിന് പിന്നാലെയാണ് ഇപ്പോൾ പൊതുനിരത്തിലും ഇത്തരം ബോർഡുകൾ പ്രത്യക്ഷപ്പെടുന്നത്.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സി.പി.എം പ്രവർത്തകർ തന്നെ ഈ ഫ്ലക്സ് ബോർഡുകൾ സ്ഥലത്തുനിന്നും നീക്കം ചെയ്തു. എന്നാൽ, പാർട്ടി ശക്തികേന്ദ്രങ്ങളിൽ ഇത്തരമൊരു പ്രതിഷേധം ഉണ്ടായത് ജില്ലയിലെ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അച്ചടക്കമുള്ള അണികൾക്കിടയിൽ നേതൃത്വത്തോടുള്ള അതൃപ്തി പുകയുന്നു എന്നതിന്റെ തെളിവാണ് ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഞങ്ങളാരും വിമതരല്ല, കമ്മ്യൂണിസ്റ്റുകാരാണ്'! ഒറ്റപ്പാലത്തെ ബിജെപിയുടെ വോട്ട് വർധനവിൽ അസ്വഭാവികത; പി കെ ശശി
പിണറായിയുടെ സമീപനത്തോടുള്ള വിയോജിപ്പ്; ഇതൊരു 'ഷോക്ക് ട്രീറ്റ്മെൻ്റ്', പരാജയം പ്രതീക്ഷിച്ചിരുന്നുവെന്ന് കെഇ ഇസ്മയിൽ