
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് എകെജി സെന്‍ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വട്ടിയൂര്‍ക്കാവ്- വികെ പ്രശാന്ത്, കോന്നി - കെയു ജനീഷ് കുമാര്‍, അരൂര്‍ - മനു സി പുള്ളിക്കല്‍, എറണാകുളം - അഡ്വ. മനു റോയ്, മഞ്ചേശ്വരം - ശങ്കര്‍ റേ.
മഞ്ചേശ്വരത്ത് സിപിഎം സംസ്ഥാന സമിതിയംഗം സിഎച്ച് കുഞ്ഞമ്പു സ്ഥാനാര്‍ത്ഥിയാവും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടതെങ്കിലും അവസാനനിമിഷം ഭാഷാന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ശങ്കര്‍റേയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ജില്ലാ കമ്മിറ്റികളിലും മണ്ഡലം കമ്മിറ്റികളിലും ചര്‍ച്ച ചെയ്ത ശേഷമാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
അരൂരില്‍ ബിഡിജെഎസും ബിജെപിയും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതകളെക്കുറിച്ച് കൂടുതലറയില്ലെന്നും നിലവില്‍ ബിഡിജെഎസുമായി എല്‍ഡിഎഫോ സിപിഎമ്മോ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ രാഷ്ട്രീയ അന്തരീക്ഷമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നത്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എല്‍ഡിഎഫ് ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
കഴിഞ്ഞ തവണ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. അവിടെ 2015-ലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 8579 വോട്ടുകളുടെ ലീഡ് അവിടെ എല്‍ഡിഎഫ് നേടിയിരുന്നു. വിജയം ലക്ഷ്യമിട്ട് തന്നെയാണ് മേയറായ വികെ പ്രശാന്തിനെ അവിടെ മത്സരിപ്പിക്കുന്നത്. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രശാന്ത് മേയര്‍ സ്ഥാനം രാജിവയ്ക്കേണ്ടതില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എംഎല്‍എമാര്‍ സ്ഥാനം രാജിവച്ചിട്ടിലല്ലോ എന്നും കോടിയേരി ചോദിച്ചു.
അഞ്ച് നിയോജകമണ്ഡലങ്ങളിലെ ഫലം സംസ്ഥാന സര്‍ക്കാരിനേയോ ഭരണത്തേയോ ബാധിക്കില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും ഇരുപത് മാസത്തിലേറെ സമയം ബാക്കിയുള്ള സാഹചര്യത്തില്‍ അതുമായി ഉപതെരഞ്ഞെടുപ്പ് ഫലത്തെ ബന്ധിപ്പിച്ച് സംസാരിക്കാന്‍ സാധിക്കില്ലെന്നും കോടിയേരി പറഞ്ഞു. നിലവില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചില്‍ നാലിടത്തും യുഡിഎഫാണ് കഴിഞ്ഞ തവണ ജയിച്ചത് എന്നിട്ടും അധികാരത്തില്‍ വന്നത് എല്‍ഡിഎഫാണ് അതിനാല്‍ ഉപതെരഞ്ഞെടുപ്പ് വിധിയെ പൊതുജനവികാരമായി വിലയിരുത്താന്‍ സാധിക്കില്ല.
എസ്എന്‍ഡിപിയുമായും എന്‍എസ്എസുമായും മറ്റെല്ലാ ജാതിസമുദായസംഘടനകളുമായും സിപിഎമ്മിന് നല്ല ബന്ധമാണുള്ളതെന്നും എല്ലാവരുടേയും വോട്ടുകള്‍ നേടിയെടുക്കാന്‍ പാര്‍ട്ടി പരിശ്രമിക്കുമെന്നും കോടിയേരി വ്യക്തമാക്കി. ശബരിമലയൊന്നും ഉപതെരഞ്ഞെടുപ്പില്‍ വിഷയമാകില്ലെന്നും തെരഞ്ഞെടുപ്പ് വിധി നോക്കിയല്ല സുപ്രീംകോടതി വിധി പുറപ്പെടുവിക്കുകയെന്നും കോടിയേരി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam