
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ യഥാർത്ഥ പേരിൽ പ്രചാരണം തുടങ്ങി പുലിവാല് പിടിച്ച് സിപിഎം സ്ഥാനാർത്ഥി. തിരുവനന്തപുരം കോർപറേഷനിൽ വഞ്ചിയൂർ വാർഡിൽ നിന്ന് മത്സരിക്കുന്ന ശങ്കരൻകുട്ടി നായരാണ് ട്രോളന്മാരുടെ ഇരയായി മാറിയത്. പേരിനൊപ്പം ജാതിപ്പേര് ചേർത്തതാണ് കാരണം. വഞ്ചിയൂർ ബാബു എന്ന് അറിയപ്പെടുന്ന ഇദ്ദേഹം നേരത്തെ മത്സരിച്ചത് ബാബു എന്ന പേരിലായിരുന്നു. ഇത്തവണ തൻ്റെ ശങ്കരൻ കുട്ടി നായർ എന്ന യഥാർത്ഥ പേരാണ് പോസ്റ്ററുകളിൽ ഉപയോഗിച്ചത്. ഇതോടെയാണ് ട്രോൾ പേജുകളിൽ ഇദ്ദേഹം നിറഞ്ഞത്.
വഞ്ചിയൂരിൽ നാട്ടുകാർക്കെല്ലാം സുപരിചിതനാണ് ബാബു അണ്ണൻ. സിപിഎം പാളയം ഏരിയ കമ്മിറ്റി സെക്രട്ടറി കൂടിയാണ്. യഥാര്‍ത്ഥ പേര് ശങ്കരൻ കുട്ടി നായർ എന്നാണെങ്കിലും നാട്ടുകാർക്ക് ബാബു എന്ന് പറഞ്ഞാലേ അറിയൂ. വഞ്ചിയൂർ വാര്‍ഡിൽ നിന്ന് 2015 ൽ മത്സരിച്ച് കോർപറേഷനിലേക്ക് ജയിച്ച ഇദ്ദേഹം അന്ന് പി ബാബു എന്ന പേരിലായിരുന്നു മത്സരിച്ചത്. കഴിഞ്ഞ തവണ ഈ വാർഡിൽ ഇദ്ദേഹത്തിൻ്റെ മകൾ ഗായത്രി ബാബു സിപിഎം സ്ഥാർനാർത്ഥിയായി ജയിച്ചു. മകൾക്ക് പകരം അച്ഛൻ വീണ്ടും ഇറങ്ങിയപ്പോൾ പേര് വലിയ തോതിൽ ചർച്ചയാവുകയായിരുന്നു.
തെരഞ്ഞെടുപ്പ് അടുത്താൽ വിപ്ലവം പടിക്ക് പുറത്ത്. ജയിച്ച് കയറാൻ ജാതി വാല് ശരണം എന്നൊക്കെയാണ് ട്രോളുകൾ. ഇതൊന്നും താൻ ഗൗനിക്കുന്നില്ലെന്നാണ് ബാബു എന്ന ശങ്കരൻ കുട്ടി നായരുടെ പ്രതികരണം. കഴിഞ്ഞ തവണ മകൾ സ്ഥാനാർത്ഥിയായപ്പോൾ ഗായത്രി ബാബുവെന്നും ഗായത്രി നായരെന്നും രണ്ട് പേരുകളിൽ പോസ്റ്ററുകൾ അടിച്ചിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. നായർ വിഭാഗക്കാർ ഏറെയുള്ള വാർഡിൽ ജാതി പറഞ്ഞ് വോട്ട് നേടുകയാണ് സ്ഥാനാർത്ഥിയെന്ന് എതിരാളികൾ വിമർശിക്കുന്നു.