
കോഴിക്കോട്: നടുറോഡിൽ വസ്ത്രമില്ലാതെ നിൽക്കുന്ന പോലെയാണ് മാർക്സിസ്റ്റ് പാർട്ടിയെന്ന് കെ മുരളീധരൻ. കോഴിക്കോട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തെ വൃത്തികെട്ട സംസ്കാരത്തിലേക്ക് എത്തിച്ചിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയ എതിരാളികളെ തേജോവധം ചെയ്യാൻ ഏത് ഹീനമാർഗവും സ്വീകരിക്കുകയാണ്. കുറ്റപത്രത്തിൽ പോലും പേരില്ലാത്ത കെപിസിസി പ്രസിഡന്റിനെതിരെയാണ് ഇപ്പോൾ ആരോപണമുന്നയിക്കുന്നത്. വിധിവന്ന കേസിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. 2019-ൽ പീഡനം നടന്നതായി പെൺകുട്ടി പറഞ്ഞിരുന്നെങ്കിൽ അന്വേഷിക്കേണ്ടത് പോലീസല്ലേയെന്നും അദ്ദേഹം ചോദിച്ചു. കെ സുധാകരനെതിരായ കേസിനെ പാർട്ടിയും സുധാകരനും നേരിടും. ജയിലിൽ കിടക്കേണ്ടി വന്നാലും പിണറായിക്കും വൃത്തികെട്ട രാഷ്ട്രീയ സംസ്കാരത്തിനുമെതിരായ പോരാട്ടം തുടരുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
മോൻസൻ മാവുങ്കലിന്റെ വഞ്ചനാ കേസിൽ കെപിസിസി പ്രസിഡന്റിനെ രണ്ടാം പ്രതിയാക്കിയത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് പ്രതിപക്ഷം വിമർശിക്കുമ്പോഴാണ് പുതിയ ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്. ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പോക്സോ കുറ്റത്തിന് മോൻസൻ മാവുങ്കലിനെ എറണാകുളം പ്രത്യേക പോക്സോ കോടതി ജീവിതാവസാനം വരെ കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസിന് ആധാരമായ പീഡനം നടക്കുമ്പോൾ കെപിസിസി പ്രസിഡ്റ് കെ സുധാകരൻ മോൻസൺ മാവുങ്കലിന്റെ വീട്ടിലുണ്ടായിരുന്നുവെന്നും അതിജീവിതയുടെ മൊഴിയുണ്ടെന്നാണ് പാര്‍ട്ടി പത്രത്തെയും ക്രൈം ബ്രാഞ്ചിനെയും ഉദ്ധരിച്ച് എംവി ഗോവിന്ദൻ പറയുന്നത്. പീഡനവിവരം അറിഞ്ഞിട്ടും ഇടപെടാത്തത് കുറ്റകൃത്യത്തിന് ഒത്താശ ചെയ്യലാണെന്നും ക്രൈംബ്രാഞ്ചിന് കെ സുധാകരനെതിരെ പുതിയ കേസെടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറയുന്നു. ആരോപണം രാഷ്ട്രീയ പ്രേരിതം മാത്രമെന്നാണ് കെപിസിസി പ്രസിഡന്‍റെ കെ സുധാകരൻ പറയുന്നു.
കേസിന് ആസ്പദമായ സംഭവം നടക്കുന്നത് 2019 ൽ ആണ്. പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൻ അറസ്റ്റിലായതിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിന്റെ എഫ്ഐആറിലോ അതിജീവിത കോടതിയിൽ നൽകിയ രഹസ്യമൊഴിയിലോ കെ സുധാകരനെതിരെ ഒന്നും പറയുന്നില്ലെന്ന് മോൻസൺ മാവുങ്കലിന്റെ അഭിഭാഷകനും പറയുന്നു. കേസിൽ മോൻസനെ കോടതി ശിക്ഷിച്ച ശേഷമാണ് പുതിയ ആരോപണം പുറത്ത് വരുന്നത്. അതിജീവിതയുടെ മൊഴിയുണ്ടെങ്കിൽ ഇതുവരെ പൊലീസ് കേസെടുക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന്, അത് അന്വേഷണ സംഘത്തോട് ചോദിക്കണമെന്നാണ് എംവി ഗോവിന്ദന്‍റെ മറുപടി. പോക്സോ കേസിലാണോ സുധാകരന് നോട്ടീസ് നൽകിയതെന്ന് ഇതുവരെ ക്രൈം ബ്രാഞ്ച് വിശദീകരിച്ചിട്ടില്ല. സുധാകരനെതിരെ അതിജീവിതയുടെ മൊഴിയുണ്ടെന്നതും അന്വേഷണസംഘം സമ്മതിക്കാതിരിക്കെയാണ് എംവി ഗോവിന്ദൻറെ ആരോപണം.