രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകാൻ വൈകുന്നത് തെറ്റിദ്ധാരണ പരത്തും; സിപിഎമ്മിൽ ചർച്ച

By Web TeamFirst Published Nov 27, 2020, 8:06 PM IST
Highlights

 രവീന്ദ്രനെ കൊവിഡാനന്തര ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ബുധനാഴ്ചയാണ് സി.എം.രവീന്ദ്രൻ ആശുപത്രിയിൽ അഡ്മിറ്റായത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്റെ ആശുപത്രി വാസം സിപിഎം യോഗത്തിൽ ചർച്ചയായി. രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകാൻ വൈകുന്നത് തെറ്റിദ്ധാരണക്ക് ഇടയാക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ ഉടൻ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകുന്നതാണ് ഉചിതമെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ചർച്ചയായി.

അതിനിടെ രവീന്ദ്രനെ കൊവിഡാനന്തര ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ബുധനാഴ്ചയാണ് സി.എം.രവീന്ദ്രൻ ആശുപത്രിയിൽ അഡ്മിറ്റായത്. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇഡി സംഘം രവീന്ദ്രനോട് ഇന്ന് ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. രവീന്ദ്രന് വിദഗ്ധ ചികിൽസ ആവശ്യമാണെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതര്‍ ഇന്നലെ ഇ.ഡിക്ക് മെഡിക്കല്‍ രേഖകള്‍ കൈമാറിയിരുന്നു. രവീന്ദ്രൻ ആശുപത്രി വിട്ട സാഹചര്യത്തിൽ അദ്ദേഹത്തിന് ചോദ്യം ചെയ്യല്ലിന് ഹാജരാവാനുള്ള നോട്ടീസ് ഇഡി വീണ്ടും നൽകുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്ന കാര്യം. ആദ്യം നോട്ടീസ് നൽകിയതിന് പിന്നാലെയാണ് രവീന്ദ്രൻ കൊവിഡ് പൊസിറ്റീവായത്. ആഴ്ചകളോളം ക്വാറൻ്റൈനിൽ കഴിഞ്ഞ അദ്ദേഹം പിന്നീട് കൊവിഡ് നെഗറ്റീവായിരുന്നു. 

അതിനിടെ രവീന്ദ്രന് ബിനാമി ഇടപാടുകളുള്ളതായി എൻഫോഴ്സ്മെന്റ് സംശയിക്കുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് വടകരയിലെ മൂന്ന് സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് സംഘം റെയ്ഡ് നടത്തി. അലൻസോളി, അപ്പാസൺസ്, വിവോ എന്നീ സ്ഥാപനങ്ങളിലാണ് റെയ്‌ഡ് നടത്തിയത്. 

ബുധനാഴ്ചയായിരുന്നു കൊവിഡിനെ തുടർന്ന് ശ്വസതടസം നേരിട്ടതിനാൽ രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചത്. പരിശോധനയില്‍ രക്തത്തിലെ ഓക്സിജന്‍റെ അളവില്‍ വ്യതിയാനം കണ്ടെത്തിയെന്നും ഇതിന്‍റെ ചികിത്സയ്ക്കായി സ്റ്റിറോയ്ഡ് നൽകിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ചികിത്സ തുടങ്ങണമെങ്കില്‍ എക്സ്റേ, സിടി സ്കാനിങ് അടക്കം വിദഗ്ധ പരിശോധനകൾ നടത്തണം. അതിനാൽ താത്കാലികമായി കിടത്തി ചികിത്സിക്കേണ്ടി വരുമെന്ന് ഡോക്ടർമാർ ഇഡിയെ അറിയിച്ചിരുന്നു. രവീന്ദ്രന്റെ ആശുപത്രി വാസത്തിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സംശയം ഉന്നയിച്ചിരുന്നു.

click me!