സഹകരണ ബാങ്കിലെ വായ്പാ ഇടപാടിനെ ചൊല്ലി തർക്കം: തൃശ്ശൂരിലെ പ്രാദേശിക നേതാക്കളെ ശാസിച്ച് സിപിഎം

By Web TeamFirst Published Sep 24, 2021, 3:32 PM IST
Highlights

സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. നാട്ടിക ഫർക്ക ബാങ്കിൽ വായ്പ ഇടപാടുമായി ബന്ധപ്പെട്ടുയർന്ന പരാതിയാണ് അച്ചടക്ക നടപടിക്ക് ആധാരം.

തൃശ്ശൂർ: സഹകരണ ബാങ്ക് വായ്പാ ഇടപാടുമായി ബന്ധപ്പെട്ട പരാതിയിൽ തൃശൂർ സി.പി.എമ്മിൽ വീണ്ടും നടപടി. ജില്ലാ കമ്മിറ്റിയംഗവും തൃശൂർ ജില്ലാ പഞ്ചായത്തംഗവുമായ ഇ.എം.അഹമ്മദ്, നാട്ടിക ഏരിയാ കമ്മിറ്റിയംഗവും നാട്ടിക ഫർക്ക റൂറൽ ബാങ്ക് പ്രസിഡണ്ടുമായ ഐ.കെ.വിഷ്ണുദാസിനെയും ശാസിക്കാൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. 

സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. നാട്ടിക ഫർക്ക ബാങ്കിൽ വായ്പ ഇടപാടുമായി ബന്ധപ്പെട്ടുയർന്ന പരാതിയാണ് അച്ചടക്ക നടപടിക്ക് ആധാരം. ഇ.എം അഹമ്മദും, ബാങ്കിൻ്റെ നിയമോപദേശകരുമടക്കം പിന്തുണച്ച 30 ലക്ഷം രൂപയുടെ വായ്പാ അപേക്ഷ ബാങ്കിലേക്ക് എത്തിയിരുന്നു. എന്നാൽ അപേക്ഷകന് വായ്പയനുവദിക്കാൻ മതിയായ ഈടില്ലെന്ന കാരണത്താൽ ബാങ്ക് പ്രസിഡണ്ടായ വിഷ്ണുദാസ് അപേക്ഷ നിരസിച്ചു.

ഈ വിഷയത്തെ ചൊല്ലി നാട്ടിക ഏരിയ കമ്മിറ്റിയിൽ കടുത്ത ഭിന്നത രൂപപ്പെട്ടിരിന്നു. വായ്പ വിഷയത്തിൽ ഇ.എം.അഹമ്മദിൽ നിന്നും ഐ.കെ.വിഷ്ണുദാസിൽ നിന്നുമുണ്ടായ നടപടികൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നതാണെന്ന് വിലയിരുത്തിയാണ് പാർട്ടി ശിക്ഷാനടപടി സ്വീകരിച്ചത്. ഇതോടൊപ്പം വിഷയത്തിൽ സ്വീകരിച്ച നടപടികളിൽ ഏരിയാ കമ്മിറ്റിക്ക് വീഴ്ചയുണ്ടായെന്നും ജില്ലാ കമ്മിറ്റി കണ്ടെത്തി. 

 

click me!