
കൊച്ചി: തൃക്കാക്കരയിൽ സിപിഎം പ്രവർത്തകയുടെ വീട് ആക്രമിച്ചു. തൃക്കാക്കര അത്താണിയിൽ ഇന്നലെ രാത്രിയാണ് സംഭവം. ആശാവർക്കാറായ മഞ്ജുവിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിന് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മഞ്ജുവിന്റെ വീടിന് നേരെ ആക്രമണം നടന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ ആരോപിച്ചു. മഞ്ജു ആശാ വർക്കറെന്ന നിലയിൽ നാട്ടുകാരുമായി അടുപ്പം സൂക്ഷിക്കുന്നയാളാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. അവരോട് ആർക്കും എതിർപ്പില്ല. ഇന്നലെ ജോ ജോസഫിന് വേണ്ടിയുള്ള സ്ക്വാഡ് പ്രവർത്തനത്തിന് പോയതായിരുന്നു. വൈകീട്ട് ഇടപ്പള്ളി പള്ളിയിൽ പെരുന്നാളിന് പോയ സമയത്തായിരുന്നു ആക്രമണം. പെരുന്നാളിന് പോയില്ലായിരുന്നെങ്കിൽ ജീവഹാനി ഉണ്ടായേനെ. മഞ്ജുവിനെയും കുടുംബത്തെയും ഇല്ലാതാക്കാനുള്ള ഹീനമായ നീക്കമാണ് നടന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി. പോലീസ് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഞ്ജുവിന്റെ വീട് കത്തിച്ചപ്പോൾ വീട്ടിൽ ഉണ്ടായിരുന്ന മുയലുകളും ചത്തു. ആറ് മുയലുകളാണ് ചത്തത്.
അതേസമയം തൃക്കാക്കര മണ്ഡലം ഇപ്പോൾ തെരഞ്ഞെടുപ്പ് ചൂടിലാണ്. മണ്ഡലത്തിലെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. എൻഡിഎ സ്ഥാനാർത്ഥിയുടെ കാര്യത്തിലും ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസും എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫും തെരഞ്ഞെടുപ്പ് കളത്തിൽ മുന്നേറുകയാണ്. ഉമ തോമസിന്‍റെ (Uma Thomas) സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ എതിര്‍പ്പുയര്‍ത്തിയ ഡിസിസി ജനറൽ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ട് തേടിയത് പുതിയ വിവാദത്തിന് കളമൊരുക്കി. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ ജോ ജോസഫിന്റെ (Jo Joseph) പ്രചാരണ സ്ഥലത്ത് എം ബി മുരളീധരന്‍റെ സജീവ സാന്നിധ്യം വ്യക്തമായിരുന്നു. ആരും ശത്രുക്കളല്ലെന്നും ജോ തന്‍റെ സുഹൃത്താണെന്നുമായിരുന്നു മുരളീധരന്‍റെ പ്രതികരണം.
സഭാ സ്ഥാനാര്‍ത്ഥിയെന്ന വിമര്‍ശനം എതിര്‍ ചേരിയില്‍ നിന്ന് ഉയരുന്നതിനിടെയാണ് ഇടത് സ്ഥാനാര്‍ഥി ജോ ജോസഫ് മണ്ഡലത്തിന്‍റെ ഭാഗമായ വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ വേദിയില്‍ വോട്ട് തേടിയെത്തിയത്. ജോയും സംഘവും എത്തുന്നതിന് തൊട്ട് മുമ്പ് സ്ഥലത്തെത്തിയ എറണാകുളം ഡിസിസി സെക്രട്ടറിയും മേഖലയിലെ മുന്‍ കൗണ്‍സിലറുമായ എം ബി മുരളീധരന്‍, വോട്ടര്‍മാരില്‍ ചിലരെ സ്ഥാനാര്‍ത്ഥിക്ക് പരിചയപ്പെടുത്തി. സ്ഥാനാര്‍ത്ഥിയുമായും സ്ഥാനാര്‍ത്ഥിക്കൊപ്പമെത്തിയ സിപിഎം സംസ്ഥാന സമിതി അംഗം ദിനേശ് മണിയുമായും സൗഹൃദം പങ്കിട്ടു. എന്നാല്‍, ഇടത് സ്ഥാനാര്‍ഥിയുടെ പ്രചാരണം നടത്തുന്ന സ്ഥലത്തെ തന്‍റെ സാന്നിധ്യത്തിന് രാഷ്ട്രീയ നിറം പകരേണ്ടതില്ലെന്നായിരുന്നു എം ബി മുരളീധരന്‍റെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam