
തൃശ്ശൂർ: തൃശൂരിൽ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം മരവിപ്പിച്ച സിപിഎം ബാങ്ക് അക്കൗണ്ട് ഉടനെയെങ്ങും പുനസ്ഥാപിക്കില്ല. സിപിഎം നേതാക്കൾ പിൻവലിച്ച ഒരു കോടി രൂപ കണ്ടുകെട്ടാനും കേന്ദ്ര ഏജൻസി നടപടി തുടങ്ങി. ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ടിലെ വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ലെന്ന് സിപിഎം ജില്ല സെക്രട്ടറി തന്നെ അറിയിച്ച പശ്ചാത്തലത്തിലാണ്. എന്നാൽ ബാങ്ക് അക്കൗണ്ട് പൂട്ടിയതുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി തൃശൂരിൽ പറഞ്ഞു.
കരുവന്നൂർ കേസിന്‍റെ തുടർച്ചയായി സിപിഎം തൃശൂർ ജില്ലാ നേതൃത്വത്തിന്‍റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിലാണ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൊണ്ട് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം ശ്രദ്ധിച്ചത്. അഞ്ചുകോടി പത്തുലക്ഷം രൂപ ശേഷിച്ചിരുന്ന അക്കൗണ്ടിൽ നിന്ന് സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് ഇക്കഴിഞ്ഞ ഏപ്രിൽ 2ന് ഒരു കോടി പിൻവലിച്ചിരുന്നെന്നും വ്യക്തമായി.
സിപിഎമ്മിന്‍റെ ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് വിവരങ്ങൾ ഇല്ലായിരുന്നു. ഇതോടെയാണ് കഴിഞ്ഞയാഴ്ച അക്കൊണ്ട് മരവിപ്പിച്ചത്. ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് ഉൾപ്പെടുത്താതിരുന്നത് അബദ്ധത്തിൽ സംഭവിച്ച പിഴവെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി തന്നെ ഇൻകംടാക്സിന് മറുപടി നൽകിയിരിക്കുന്നത്. ഡൽഹിയിൽ പാർട്ടി നേതൃത്വമാണ് റിട്ടേൺ സമർപ്പിക്കുന്നതെന്നും വിട്ടുപോയത് അറിഞ്ഞിരുന്നില്ലെന്നുമാണ് വിശദീകരണം.
നടപടികളുടെ തുടർച്ചയായിട്ടാണ് അക്കൗണ്ടിൽ പിന്ന് പിൻവലിച്ച ഒരു കോടി രൂപ പിടിച്ചെടുക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. എന്നാൽ സിപിഎം ആദായ നികുതി റിട്ടേണുകൾ കൃത്യമായി നൽകുന്നുണ്ടെന്നും അക്കൗണ്ട് പൂട്ടിച്ച് തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ജയിക്കാൻ കേന്ദ്ര സർക്കാർ നോക്കേണ്ടെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam