സിപിഎം കോഴിക്കോട് ജില്ലാ മുന്‍ സെക്രട്ടറി എം കേളപ്പന്‍ വിടവാങ്ങി; സംസ്കാരം വൈകിട്ട്

By Web TeamFirst Published Aug 11, 2019, 1:39 PM IST
Highlights

കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ സജീവമായ അദ്ദേഹം കിസാന്‍സഭയില്‍ പ്രവര്‍ത്തിച്ചാണ് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. 1991 മുതല്‍ 10 വര്‍ഷക്കാലമാണ് കോഴിക്കോട് പാര്‍ട്ടിയെ നയിച്ചത്

കോഴിക്കോട്: സി പി എം കോഴിക്കോട് ജില്ലാ മുൻ സെക്രട്ടറി എം കേളപ്പൻ (93) അന്തരിച്ചു. പുലർച്ചെ മൂന്നരക്ക് വടകര സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലം കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു. പണിക്കോട്ടി എന്ന പേരിൽ നിരവധി നാടൻ പാട്ടുകളും സാഹിത്യരചനയും നിർവ്വഹിച്ചിട്ടുണ്ട്. പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നേതൃത്വം നൽകിയവരില്‍ പ്രമുഖനാണ് കേളപ്പന്‍. സി പി എം സംസ്ഥാന കമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം, അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി മണ്ഡലം കമ്മിറ്റി അംഗം, സി പി എം കുന്നുമ്മൽ-വടകര ഏര്യകളുടെ സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന നേതാവ്, എഴുത്തുകാരൻ, സാംസ്കാരിക നായകൻ എന്നീ നിലകളിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. വടകര നഗരസഭാ കൗൺസിലർ, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ദരിദ്ര കുടുംബത്തില്‍ ജനിച്ച കേളപ്പന്‍ 17 ാം വയസ്സില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്.  കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ സജീവമായ അദ്ദേഹം കിസാന്‍സഭയില്‍ പ്രവര്‍ത്തിച്ചാണ് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. 1991 മുതല്‍ 10 വര്‍ഷക്കാലമാണ് കോഴിക്കോട് പാര്‍ട്ടിയെ നയിച്ചത്.

ഇന്ന്  രാവിലെ 9 മണി മുതൽ 12 മണി വരെ വടകര ടൗൺ ഹാളിലും 12.30 മണി മുതൽ 2 മണി വരെ പണിക്കോട്ടി ഐക്യകേരള കലാ സമിതിയിലും പൊതുദർശനത്തിന് വെക്കും. വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടക്കും.

click me!