ബിനോയ് കോടിയേരി വിവാദം: കോടിയേരി രാജി സന്നദ്ധത അറിയിച്ചില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം

Published : Jun 22, 2019, 11:59 AM ISTUpdated : Jun 22, 2019, 01:00 PM IST
ബിനോയ് കോടിയേരി വിവാദം:  കോടിയേരി രാജി സന്നദ്ധത അറിയിച്ചില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം

Synopsis

ബിനോയ് കോടിയേരിക്ക് എതിരെ ഉയര്‍ന്ന ഗുരുതര ലൈംഗികാരോപണത്തിന്‍റെ സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് സംസ്ഥാന ഘടകമാണെന്നാണ് സിപിഎം കേന്ദ്ര നേതൃത്വം പറയുന്നത്.

ദില്ലി: ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ഗുരുതര ലൈംഗിക പീഡനാരോപണത്തിന്‍റെ പശ്ചാത്തലത്തിൽ നിലപാട് വ്യക്തമാക്കി സിപിഎം കേന്ദ്ര നേതൃത്വം. ബിനോയ് കോടിയേരിക്ക് എതിരെ ഉയര്‍ന്ന ആരോപണത്തിൽ എന്ത് പ്രതികരണം വേണമെന്ന തീരുമാനം എടുക്കേണ്ടത് സംസ്ഥാന ഘടകമാണ്. സംസ്ഥാന ഘടകം ചര്‍ച്ചചെയ്ത് നിലപാടിലെത്തണമെന്നും സിപിഎം കേന്ദ്ര നേതൃത്വം പറയുന്നു. 

ഒന്നിന് പുറകെ ഒന്നായി വന്ന ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സെക്രട്ടറി പദവി ഒഴിയാൻ കോടിയേരി സന്നദ്ധനായെന്ന വാര്‍ത്തകൾക്ക് പുറകെയാണ് കേന്ദ്ര നേതൃത്വത്തിന്‍റെ പ്രതികരണം. രാജി സന്നദ്ധത കോടിയേരി സിപിഎം കേന്ദ്ര നേതൃത്വത്തെയോ സീതാറാം യെച്ചൂരിയേയോ അറിയിച്ചിട്ടില്ലെന്നും നേതാക്കൾ പറയുന്നു. 

അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയാൻ കോടിയേരി ബാലകൃഷ്ണൻ സന്നദ്ധതയറിയിച്ചെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. മകൻ ബിനോയ് കോടിയേരിക്കെതിരെ വന്ന ലൈംഗിക പീഡനാരോപണം സിപിഎമ്മിനെയും സിപിഎം സംസ്ഥാന സെക്രട്ടറിയെയും വല്ലാതെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽ കൂടിയാണ് സ്ഥാനമൊഴിയാൻ കോടിയേരി ബാലകൃഷ്ണൻ സന്നദ്ധത അറിയിച്ചതെന്നാണ് വിവരം. നിര്‍ണായക നേതൃയോഗങ്ങൾക്ക് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. 

ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് മക്കൾക്കെതിരെ വരുന്ന ആരോപണങ്ങളുടെ സാഹചര്യത്തിൽ കോടിയേരി ബാലകൃഷ്ണൻ മുൻപെങ്ങുമില്ലാത്ത വിധം പ്രതിരോധത്തിലാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് എകെജി സെന്‍ററിൽ നടന്ന കൂടിക്കാഴ്ചയിൽ സ്ഥാനമൊഴിയാൻ കോടിയേരി ബാലകൃഷ്ണൻ സന്നദ്ധതയറിയിച്ചതെന്നാണ് വിവരം. 

മുഖ്യമന്ത്രിയോട് പറഞ്ഞ അതേ നിലപാട് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും കോടിയേരി ആവര്‍ത്തിക്കാൻ ഇടയുണ്ട്. എന്നാൽ മക്കളുടെ കാര്യത്തിൽ ഉണ്ടായ ആരോപണം അത് വ്യക്തിപരമെന്ന് വിലയിരുത്തി കോടിയേരിയുടെ രാജി സന്നദ്ധത സെക്രട്ടേറിയറ്റ് യോഗത്തിൽ അവസാനം ഉണ്ടാകാനാണ് സാധ്യത ഏറെ.  

അതേസമയം ബിനോയ് കോടിയേരിക്കെതിരെ വന്ന ഗുരുതര ആരോപണം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത് കുറച്ചൊന്നും അല്ല. കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനത്തോട് ചേര്‍ന്ന് നിൽക്കുന്ന കോടിയേരിയുടെ ഫ്ലാറ്റിലേക്കുമെല്ലാം അന്വേഷണ സംഘം പരിശോധനയ്ക്ക് എത്തുന്ന സാഹചര്യം നിസ്സാരമല്ലെന്ന വിലയിരുത്തലും ഉണ്ട്. ഈ ഘട്ടത്തിൽ കൂടിയാണ് മുഖം രക്ഷിക്കാനെന്ന പോലെ കോടിയേരി ബാലകൃഷ്ണന്‍റെ സ്ഥാനമൊഴിയൽ സന്നദ്ധതയെന്ന് വിലയിരുത്തുന്നവരും കുറവല്ല. ആരോപണം വന്ന സമയം മുതൽ തിരുവനന്തപുരത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കോടിയേരി. 

ലോക്സഭാ തെര‍ഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം, പിന്നാലെ പാർട്ടിയെ അടിമുടി പ്രതിസന്ധിയിലാക്കി ഉയർന്ന് വന്ന ബിനോയ് കോടിയേരിക്കെതിരായ പരാതി , പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എം വി ഗോവിന്ദന്‍റെ ഭാര്യയും ആന്തൂർ നഗരസഭാ ചെയർപേഴ്സണുമായ പി കെ ശ്യാമള ആരോപണങ്ങൾ നേരിടുന്ന  സാഹചര്യം തുടങ്ങി സിപിഎം സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിൽ കൂടിയാണ് പാർട്ടി യോഗങ്ങൾ ചേരുന്നത്. 

Read alsoപ്രവാസിയുടെ ആത്മഹത്യ: സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്

ഇന്ന് സെക്രട്ടേറിയറ്റും നാളെ സംസ്ഥാന സമിതിയും ചേരും. തെരഞ്ഞെടുപ്പ് അവലോകനമാണ്  പ്രധാന അജണ്ടയെങ്കിലും പാർട്ടിയെ കുരുക്കിലാക്കുന്ന വിഷയങ്ങൾ ചര്‍ച്ചക്കെടുക്കാതെ യോഗങ്ങൾ തുടരാനാകാത്ത സാഹചര്യം ഉണ്ട്.   

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്