
തിരുവനന്തപുരം: സിപിഎം ഏരിയാ സമ്മേളനത്തിനായി തിരുവനന്തപുരം വഞ്ചിയൂരിലെ നടുറോഡിൽ കെട്ടിപ്പൊക്കിയ സ്റ്റേജിലെ പൊതുപരിപാടിയിൽ പങ്കെടുത്തതാരായാലും അതിന്‍റെ തിക്തഫലം അനുഭവിക്കേണ്ടി വരുമെന്ന് ഹൈക്കോടതി. റോഡ് കുത്തിപ്പൊളിച്ചെങ്കിൽ അതിന് കുടുതൽ വകുപ്പുകൾ ചുമത്തും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കം പതിനാറ് പേരാണ് വേദിയിലുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവമറിഞ്ഞയുടനെ കേസ് എടുത്തെന്നാണ് ഡിജിപിയുടെ ന്യായീകരണം.
വഞ്ചിയൂരിൽ യാത്രക്കാരെ ബന്ദികളാക്കി സിപിഎം നടത്തിയ സമ്മേളനത്തെപ്പറ്റി സംസ്ഥാന പൊലീസ് മേധാവി നൽകിയ മറുപടി ഇങ്ങനെയാണ്. റോഡ് തടഞ്ഞുളള പരിപാടികൾക്ക് അനുമതി നൽകേണ്ടെന്ന് സർക്കുലറുണ്ട്. സംഭവം അറിഞ്ഞയുടൻ പൊലീസ് ഇടപെട്ടു. കണ്ടാലറിയാവുന്ന അഞ്ഞൂറോളം സിപിഎം പ്രവർത്തകരാണ് അവിടെ യോഗത്തിൽ പങ്കെടുത്തത്. കമ്മീഷറുടെ നിർദേശപ്രകാരം പൊലീസ് ഉടൻ കേസെടുത്തു.
സെക്രട്ടറേയറ്റിന് മുന്നിൽ വഴി തടഞ്ഞ് സമരം നടത്തിയ സിപിഐ ജോയിന്‍റ് കൗൺസിൽ പ്രവർത്തകർക്കെതിരെയും കൊച്ചി കോർപറേഷനുമുന്നിൽ ഫുട്പാത്ത് കയ്യേറിയ കോൺഗ്രസുകാർക്കെതിരെയും നിയമനടപടി തുടങ്ങിയതായും ഡിജിപി അറിയിച്ചു. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ശക്തമായ നടപടി എടുക്കുമെന്നാണ് ഉറപ്പ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ , എംഎൽഎമാർ ഉൾപ്പെടെ 16 പേരാണ് സമ്മേളന വേദിയിൽ ഉണ്ടായിരുന്നതെന്ന് വഞ്ചിയൂർ സ്റ്റേഷൻ ഹൗസ് ഓപീസറും അറിയിച്ചു.
എന്നാൽ ഈ റിപ്പോർട്ടുകൾ പരിഗണിച്ച ഡിവിഷൻ ബെഞ്ച് സർക്കാരിനേയും പൊലീസിനേയും കടുത്ത ഭാഷയിൽ വിമർശിച്ചു. റോഡിൽ കുത്തിപ്പൊളിച്ച് എങ്ങനെയാണ് സ്റ്റേജ് കെട്ടിയത്. എങ്കിൽ കേസ് ഇത് വേറെയാണ്. കുടൂതൽ കുറ്റങ്ങൾ ചുമത്തേണ്ടിവരും. പൊതുവഴിയിൽ കെട്ടിയുയർത്തിയ സ്റ്റേജിലെ യോഗത്തിൽ പങ്കെടുത്തവർ അതിന്റെ തിക്തഫലം കൂടി അനുഭവിക്കേണ്ടിവരും.
സംഘാടകർക്കാണ് ഇക്കാര്യത്തിൽ മുഖ്യ ഉത്തരവാദിത്വം. കോടതയലക്ഷ്യ നടപടിയിൽ എന്തൊക്കെ കുറ്റം ചുമത്തണമെന്ന് പിന്നീട് തീരുമാനിക്കും. റോഡ് അപകടങ്ങൾ കൂടി വർധിക്കുന്ന സാഹചര്യത്തിൽ ഉത്തരവാദികൾക്കെതിരെ കൈയ്യും കെട്ടി നോക്കി നിൽക്കാനാകില്ല എന്ന് വ്യക്തമാക്കിയാണ് ഹർജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam