
പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ സിറ്റിംഗ് സീറ്റുകൾ നിലനിർത്തുമെന്നും പത്ത് മണ്ഡലങ്ങളിലും ജയം ഉറപ്പാണെന്നും സി പി എം ജില്ലാ സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തൽ. മന്ത്രി എം ബി രാജേഷും മുൻ എം എൽ എ വി ടി ബൽറാമും തമ്മിൽ ശക്തമായ പോരാട്ടം നടന്ന തൃത്താലയിൽ വിജയം ഉറപ്പാണെന്ന് പാർട്ടി കണക്കുകൂട്ടുന്നു. എന്നാൽ പാലക്കാട്, മണ്ണാർക്കാട് മണ്ഡലങ്ങൾ തിരിച്ചുപിടിക്കാൻ സാധിക്കുമോയെന്ന കാര്യത്തിൽ പാർട്ടിക്ക് സംശയമുണ്ട്. പാലക്കാട് സീറ്റ് പിടിച്ചെടുക്കണമെങ്കിൽ 15,000 വോട്ടുകൾ അധികമായി നേടേണ്ടി വരുമെന്നും എൻ എം ആർ. റസാഖ് ഇവിടെ രണ്ടാമത് എത്തുമെന്നുമാണ് സി പി എം വിലയിരുത്തൽ. കോങ്ങാട് മണ്ഡലത്തിൽ ബി ജെ പി കോൺഗ്രസിനെയും, മലമ്പുഴയിൽ കോൺഗ്രസ് ബി ജെ പിയെയും സഹായിക്കുന്ന രീതിയിൽ വോട്ട് കച്ചവടം നടന്നതായും സി പി എം വിലയിരുത്തി. എങ്കിലും ഈ രണ്ട് മണ്ഡലങ്ങളിലും വിജയം പാർട്ടി ഉറപ്പിക്കുന്നുണ്ട്.
അതേസമയം പാലക്കാട് ജില്ലയിൽ ഇത്തവണ വമ്പൻ രാഷ്ട്രീയ അട്ടിമറി നടക്കുമെന്ന് യു ഡി എഫ് കേന്ദ്രങ്ങളുടെ വിലിയിരുത്തൽ. ജില്ലയിൽ നിലവിലുള്ള 2 സീറ്റുകൾ, 7 സീറ്റുകൾ വരെയായി ഉയരാമെന്നാണ് യു ഡി എഫ് പ്രതീക്ഷ. ജില്ലയിലെ നാല് മണ്ഡലങ്ങളിൽ വലിയ ആധ്യപത്യമുണ്ടെന്നും വിജയം ഉറപ്പാണെന്നാണ് യു ഡി എഫിന്റെ പ്രാഥമിക വിലയിരുത്തൽ. സിറ്റിംഗ് സീറ്റുകളായ പാലക്കാട്, മണ്ണാർക്കാട് എന്നിവയ്ക്ക് പുറമേ തൃത്താലയിലും ചിറ്റൂരിലും വലിയ വിജയമാണ് മുന്നണി പ്രതീക്ഷിക്കുന്നത്. എൽ ഡി എഫിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും വിഭാഗീയതയും ചിറ്റൂരിലും തൃത്താലയിലും തങ്ങൾക്ക് ഗുണകരമായെന്നും യു ഡി എഫ് കണക്കുകൂട്ടുന്നു. പാലക്കാട് മണ്ഡലം രമേഷ് പിഷാരടിയിലൂടെ നിലനിർത്താനാകും. മണ്ണാർക്കാട് എൻ ഷംസുദ്ദീന് നാലാം വിജയം ഉറപ്പാണെന്നതിലും യു ഡി എഫിന് സംശയമില്ല. എം ബി രാജേഷ് കഴിഞ്ഞ തവണ പിടിച്ചെടുത്ത തൃത്താല ഇക്കുറി ബൽറാം തിരിച്ചുപിടിക്കുമെന്നാണ് യു ഡി എഫ് കണക്കുകൂട്ടൽ. എൽ ഡി എഫിലെ ആഭ്യന്തര പ്രശ്നങ്ങളും വിഭാഗീയതയും മുതൽക്കൂട്ടാക്കുമെന്നാണ് പ്രതീക്ഷ. എൽ ഡി എഫ് സ്ഥാനാർഥി അഡ്വ. വി മുരുകദാസിനെതിരെയും മുന്നണിക്കുള്ളിലെ അസ്വാരസ്യങ്ങൾ സുമേഷ് അച്യുതന് ഗുണമാകുമെന്നാണ് വിലയിരുത്തൽ. കോങ്ങാട് മണ്ഡലത്തിൽ നേരിയ ഭൂരിപക്ഷത്തിന് ജയിച്ചു കയറാൻ സാധിക്കുമെന്നും യു ഡി എഫ് വിലയിരുത്തുന്നുണ്ട്. ഇതിനുപുറമെ, ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ ഒറ്റപ്പാലത്ത് ഇത്തവണ അപ്രതീക്ഷിതമായ അട്ടിമറി വിജയം നേടാൻ സാധ്യതയുണ്ടെന്നും മുന്നണി നേതാക്കൾ അവകാശപ്പെട്ടു. സി പി എം വിട്ടെത്തിയ പി കെ ശശിയിലൂടെ മണ്ഡലം പിടിച്ചെടുക്കാനാകുമെന്ന് യു ഡി എഫ് നേതൃത്വം വിലയിരുത്തുന്നുണ്ട്. ചിട്ടയായ പ്രവർത്തനവും ഭരണവിരുദ്ധ വികാരവും ജില്ലയിൽ യു ഡി എഫിന് വലിയ മുന്നേറ്റം നൽകുമെന്ന ആത്മവിശ്വാസത്തിലാണ് പ്രാദേശിക നേതൃത്വം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam