
തിരുവനന്തപുരം: നടൻ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എസ്എഫ്ഐയും ഡിവൈഎഫ്ഐയും മാത്രമല്ല പാർട്ടിയും മമ്മൂട്ടിയെപ്പോലുള്ള ആളുകളെ കാണാൻ പോവുകയാണെന്നും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ആളുകളെ കണ്ട് സംസാരിക്കാനാണ് തീരുമാനമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മമ്മൂട്ടി ലോകമറിയുന്ന മഹാനടനാണ്. ചിലപ്പോൾ വിമർശിച്ചിട്ടുണ്ടാകും. അത് ക്രിയാത്മക വിമർശനങ്ങളായി കാണണമെന്നും എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയിലുടനീളം ഇടത് വിദ്യാർത്ഥി യുവജന വിഭാഗങ്ങൾക്ക് നല്ല സ്വകാര്യതയാണ് ലഭിക്കുന്നത്. മമ്മൂട്ടി സംസാരിക്കാൻ തയ്യാറായാൽ അത് വേണ്ടെന്ന് വെക്കേണ്ട കാര്യം ഇല്ല. മമ്മൂട്ടി അടക്കമുള്ളവരുമായി നല്ല ആശയവിനിമയം വേണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സുധാകരൻ സിപിഎമ്മിനെ വഞ്ചിച്ച് യുഡിഎഫിന് ഒപ്പം പോയ ആളാണെന്നും അയാളുടെ മാറ്റം പൊതുസമൂഹത്തിന് അനുയോജ്യമായ വിഷയങ്ങളിൽ വന്നപ്പോഴാണ് യോജിച്ചതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കോഴിക്കോട്ടെ എംഎസ്എഫ് അക്രമം ആസൂത്രിതമാണ്. യൂത്ത് ലീഗും മുസ്ലിം ലീഗും എംഎസ്എഫും കെഎസ്‌യുവും ചേർന്ന് ആക്രമിച്ചു. ക്യാമ്പസിൽ ഗവേഷണം നടത്തുന്ന 600 ഓളം കുട്ടികളുടെ വോട്ടവകാശം ഇല്ലാതാക്കി. പകരം സ്വാശ്രയ കോളേജിലെ കുട്ടികൾക്ക് വോട്ടവകാശം കിട്ടി. ഓരോ മലയാളിയും ക്രൂര ദൃശ്യം കാണണം. നടന്നത് കടന്നാക്രമണമാണ്. മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യമാണ് പുറത്ത് വന്നത്.
ആശുപത്രിയിൽ കയറി വരെ അതിക്രമം നടത്തി. എസ്എഫ്ഐ മേജർ സീറ്റ് നേടിയത് മാത്രമാണ് പ്രകോപനം. പുറത്ത് നിന്ന് എത്തിയ അക്രമികൾ പൊലീസിന്റെ സാന്നിധ്യത്തിൽ അതിക്രമം നടത്തി. ഗ്യാസ് കട്ടർ ഉപയോഗിച്ച് എസ്എഫ്ഐ യുടെ കൊടിമരം മുറിച്ച് മാറ്റി. ജനാധിപത്യ വിരുദ്ധമായ കടന്ന് കയറ്റത്തിൽ ശരിയായ നിലപാട് ലീഗ് സ്വീകരിക്കണം. കുഞ്ഞാലിക്കുട്ടി അടക്കം ലീഗ് നേതാക്കൾ മറുപടി പറയണം. അടിയന്തരമായി കേസ് എടുത്ത് അറസ്റ്റ് ചെയ്യണം. സമ്പന്നൻമാരുടെ മക്കൾക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണ്. അധികാരത്തിൻ്റെ മത്തിൽ ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. അതിശക്തമായി തിരിച്ചടിക്കും. ശക്തയായ പ്രതിഷേധം ഉയർന്ന് വരും. ക്രിമിനൽ സംഘത്തെ ലീഗ് നിയന്ത്രിച്ചില്ലെങ്കിൽ കേരളം അത് വച്ചുപൊറുപ്പിക്കില്ല. അതിനെ നേരിടാനുള്ള കരുത്ത് എസ്എഫ്ഐക്കും പുരോഗമന ശക്തികൾക്കും ഉണ്ട്. സർക്കാരും പൊലീസും ശരിയായ നിലപാട് എടുത്തില്ലെങ്കിൽ അതിശക്തമായ തിരിച്ചടി ഉണ്ടാകും. വിസിയാണ് ഒന്നാം പ്രതിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam