പാലക്കാട് സിപിഎമ്മിൻ്റെ നിർണായക നീക്കം; 'സരിനെ സ്ഥാനാർത്ഥിയാക്കുന്നത് ഗുണകരമാവും', പിന്തുണക്കാൻ തീരുമാനം

Published : Oct 16, 2024, 09:37 PM ISTUpdated : Oct 16, 2024, 09:46 PM IST
പാലക്കാട് സിപിഎമ്മിൻ്റെ നിർണായക നീക്കം; 'സരിനെ സ്ഥാനാർത്ഥിയാക്കുന്നത് ഗുണകരമാവും', പിന്തുണക്കാൻ തീരുമാനം

Synopsis

പരസ്യമായി കോൺ​ഗ്രസിനെ തള്ളിപ്പറഞ്ഞ സരിനെ തള്ളാതെയാണ് സിപിഎം ആദ്യഘട്ടത്തിൽ പ്രതികരിച്ചത്. സിപിഎമ്മിലേക്ക് പോവുമോ എന്ന ചോദ്യത്തിനും സരിൻ മറുപടി പറഞ്ഞില്ല. പാലക്കാട് സരിനെ സ്ഥാനാർത്ഥിയാക്കുന്നത്​ ​ഗുണം ചെയ്യുമെന്ന നിലപാടിലാണ് സിപിഎമ്മെന്നാണ് പുറത്തുവരുന്ന വിവരം.

പാലക്കാട്: പാലക്കാട്ട് കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന പി സരിനെ പിന്തുണക്കാൻ സിപിഎം തീരുമാനം. സരിൻ്റെ നീക്കങ്ങൾക്ക് പിന്തുണ നൽകാനാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൻ്റെ തീരുമാനം. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സരിനെ സ്ഥാനാർത്ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കോൺ​ഗ്രസിനോട് ഇടഞ്ഞ സരിൻ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയതായാണ്  സൂചന. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെയാണ് സരിൻ രം​ഗത്തെത്തിയത്. പാർട്ടി തിരുത്തണമെന്നും പുനരാലോചിക്കണമെന്നും സരിൻ പറഞ്ഞിരുന്നു. എന്നാൽ മുതിർന്ന നേതാക്കളുൾപ്പെടെ സരിനെ തള്ളിപ്പറയുന്ന നിലപാടാണ് സ്വീകരിച്ചത്. സരിൻ്റെ തുടർ നീക്കങ്ങൾ നിരീക്ഷിക്കാൻ തീരുമാനിച്ച സിപിഎം നിലവിൽ പോസിറ്റീവായ തീരുമാനത്തിലേക്കാണ് എത്തിയിരിക്കുന്നത്. 

വീണുകിട്ടിയ അവസരം വിദ്യയാക്കാനുള്ള അടവുനയങ്ങളാണ് സിപിഎമ്മിന്‍റെ ആലോചനയിലുള്ളത്. സോഷ്യൽമീഡിയ കൺവീനറെന്ന നിലയിൽ കോൺഗ്രസിന്‍റെ ഉള്ളുകള്ളികൾ എല്ലാമറിയുന്ന ആളെന്ന നിലയിലാണ് പി സരിനെ സിപിഎം കാണുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിൽ പാലക്കാട്ട് പുകയുന്ന അതൃപ്തിക്ക് പുറമെ പി സരിന്‍റെ വിമത സാന്നിധ്യം എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിലായിരുന്നു ആലോചന. നേരത്തെ, ബിജെപി കട്ടക്ക് നിൽക്കുന്ന പാലക്കാട്ടെ ത്രികോണ മത്സരത്തിന് പി സരിനെ പാര്‍ട്ടി പിന്തുണക്കുമോ എന്ന ചോദ്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലനും സാധ്യതകളെ തള്ളാതെയാണ് പ്രതികരിച്ചത്. എടുക്കേണ്ട തീരുമാനത്തെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും കാത്തിരുന്ന് കാണാമെന്നുമായിരുന്നു എംവി ഗോവിന്ദന്‍റെ പ്രതികരണം. എൽഡിഎഫിന് ജയിക്കാൻ പറ്റുന്ന എല്ലാ സാധ്യതകളെയും ഉപയോഗിക്കുമെന്നും ജനങ്ങള്‍ക്കിടയിൽ നല്ല സ്വീകാര്യതയുള്ളയാളായിരിക്കും സ്ഥാനാര്‍ത്ഥിയെന്നും എകെ ബാലൻ പ്രതികരിച്ചു. 

കെ ബിനുമോളുടെ പേരാണ് പാലക്കാട്ടുള്ളതെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ആകാത്തത് സിപിഎമ്മിനും പി സരിനും ഒരുപോലെ രാഷ്ട്രീയ അടവുനയങ്ങൾക്കുള്ള സാധ്യതകൾ തുറന്നിടുന്നതാണ്. കെ ബിനുമോൾക്ക് പുറമെ മറ്റു പേരുകൾ കൂടി പരിഗണിക്കണമെന്ന അഭിപ്രായം സംസ്ഥാന നേതൃത്വത്തിന് നേരത്തെ തന്നെ ഉണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ സിപിഎം രീതി കണ്ടുപഠിക്കണമെന്ന പി സരിന്‍റെ നിലപാടിലുമുണ്ട് വഴക്കത്തിന്‍റെ സൂചന. നാളെയും മറ്റന്നാളും നേതൃയോഗങ്ങൾ നടക്കുന്നതിനാൽ മുതിര്‍ന്ന നേതാക്കളെല്ലാം ദില്ലിയിലാണ്. ഇടത് സ്ഥാനാര്‍ത്ഥിത്വമോ വിമത സാന്നിധ്യത്തിന് സിപിഎമ്മിന്‍റെ പിന്തുണയോ ഡീലെന്തായാലും പാലക്കാട് ഉപതെരഞ്ഞെടപ്പിൽ നിര്‍ണ്ണായകമാകും.

'ദിവ്യ ചടങ്ങിലേക്ക് വരുമെന്ന് അറിയിച്ചിരുന്നെന്ന് കളക്ടർ പറഞ്ഞു, എത്തിയത് ആസൂത്രിതമായി'; ബന്ധു ഹരീഷ് കുമാർ

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; വി. കുഞ്ഞികൃഷ്ണനെതിരെ വ്യാപക പോസ്റ്ററുകൾ, അച്ചടക്ക നടപടി ഉണ്ടായേക്കും, നാളെ ജില്ലാ കമ്മിറ്റി യോ​ഗം
ദീപക്കിൻ്റെ മരണം: ലൈംഗികാതിക്രമം നടന്നെന്ന ആരോപണത്തിൽ ഉറച്ചുനിന്ന് ഷിംജിത, ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും