
കോഴിക്കോട്: സംസ്കാരച്ചടങ്ങുകളെക്കുറിച്ച് അന്തരിച്ച സിപിഎം കോഴിക്കോട് ജില്ലാ മുന്‍ സെക്രട്ടറി എം കേളപ്പന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയാവുന്നു. എവിടെ മരിച്ചാലും വീട്ടില്‍ സംസ്കരിക്കണം, ശവമെടുക്കുമ്പോള്‍ വേണ്ടാത്ത അഭ്യാസമൊന്നും കാണിക്കരുത്, വിളക്ക് കത്തിക്കരുത്, കുഴിച്ചിട്ട സ്ഥലത്ത് മാവോ അല്ലെങ്കില്‍ നെല്ലി മരം കുഴിച്ചിടണമെന്നും എം കേളപ്പന്‍ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
അന്ധവിശ്വാസത്തിന്‍റേയും അനാചാരത്തിന്‍റേയും ഒരു തരിമ്പുപോലും ഉണ്ടാവരുതെന്ന് എം കേളപ്പന്‍ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അലംഘനീയമാക്കേണ്ട ഒരു കുറിപ്പ് എന്ന ആമുഖത്തോടെയാണ് നിര്‍ദ്ദേശങ്ങള്‍. ഇന്ന് പുലർച്ചെ മൂന്നരക്ക് വടകര സഹകരണ ആശുപത്രിയിലാണ് എം കേളപ്പൻ അന്തരിച്ചത്. ദീർഘകാലം കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു. പണിക്കോട്ടി എന്ന പേരിൽ നിരവധി നാടൻ പാട്ടുകളും സാഹിത്യരചനകളും രചിച്ചിട്ടുണ്ട്. പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദരിദ്ര കുടുംബത്തില്‍ ജനിച്ച കേളപ്പന്‍ 17 ാം വയസ്സില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ സജീവമായ അദ്ദേഹം കിസാന്‍സഭയില്‍ പ്രവര്‍ത്തിച്ചാണ് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. 1991 മുതല്‍ 10 വര്‍ഷക്കാലമാണ് കോഴിക്കോട് പാര്‍ട്ടിയെ നയിച്ചത്.
കുറിപ്പിലെ സുപ്രധാന നിര്‍ദ്ദേശങ്ങള്‍
ഞാന്‍ എവിടെ വച്ച് മരിച്ചാലും വീട്ടില്‍ സംസ്കരിക്കണം, ദഹിപ്പിക്കരുത്, മണ്ണില്‍ കുഴിച്ചിട്ടാല്‍ മതി. കുളിപ്പിക്കാതെ സംസ്കരിക്കുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം. ജീവനറ്റ ശരീരം എന്തിന് കുളിപ്പിച്ച് വൃത്തിയാക്കുന്നു. മുറ്റത്ത് കിടത്തിയാല്‍ വിളക്ക് കത്തിക്കരുത്, ചന്ദനത്തിരി കത്തിക്കാം, അത് ദുര്‍ഗന്ധം ഒഴിവാക്കുമല്ലോ.
ശവമെടുക്കുമ്പോള്‍ വേണ്ടാത്ത അഭ്യാസമൊന്നും കാണിക്കരുത്. കുഴി ചുറ്റരുത്. ദഹിപ്പിക്കരുത് എന്ന് പറയുന്നത് മൃതശരീരം കത്തുന്ന ദുര്‍മണം എന്തിനാണ് മറ്റുള്ളവരെക്കൊണ്ട് ശ്വസിപ്പിക്കുന്നത് എന്ന അര്‍ത്ഥത്തിലാണ്. ആന്തരികാവയവങ്ങളൊക്കെ കുറേശ്ശെ കേടുള്ളതു കൊണ്ടാണ് ദാനം ചെയ്യാത്തത്. കാഴ്ചയില്ലാത്ത കണ്ണുകള്‍ പോലും ഫലപ്രദമാവില്ലെന്ന് തോന്നുന്നു.
കുഴിച്ചിട്ട സ്ഥലത്ത് ധാരാളം മാങ്ങയുണ്ടാവുന്ന ഒരു മാവോ അല്ലെങ്കില്‍ നല്ലയിനം നെല്ലിമരമോ നട്ട് വളര്‍ത്തണം. അതില്‍ ഫലങ്ങളുണ്ടായാല്‍ വില്‍ക്കരുത് കുട്ടികളും മറ്റും അത് ഭുജിക്കട്ടെ. ഒരു വിധ മരണാനന്തര ക്രിയകളും ഉണ്ടാവരുത്. നാല്‍പ്പത്തൊന്നും അന്‍പത്തൊന്നും ഒന്നും പാടില്ല. അന്ധവിശ്വാസത്തിന്‍റെയും അനാചാരത്തിന്‍റേയും ഒരു തരിമ്പ് പോലും ഉണ്ടാവരുത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam