'തെറ്റിദ്ധാരണകൾ മാറ്റണം', വീടുകൾ കയറി പ്രചാരണത്തിന് സിപിഎം

By Web TeamFirst Published Jul 22, 2019, 11:55 AM IST
Highlights

തുടര്‍ച്ചയായി നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ ലക്ഷ്യമിട്ടുള്ള സിപിഎമ്മിന്റെ ഭവന സന്ദർശന പരിപാടി ആരംഭിച്ചു

തിരുവനന്തപുരം: തുടര്‍ച്ചയായി നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ ലക്ഷ്യമിട്ടുള്ള സിപിഎമ്മിന്റെ ഭവന സന്ദർശന പരിപാടി ആരംഭിച്ചു. ജനങ്ങളുടെ പരാതികളും സംശയങ്ങളും കേള്‍ക്കുമെന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നുമാണ് സിപിഎം വ്യക്തമാക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ പരാജയവും ബിനോയ് കോടിയേരി വിഷയവും അവസാനമായി വന്ന യൂണിവേഴ്സിറ്റി കോളേജ് വിഷയവുമടക്കം  പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ നീക്കം. 

പരിപാടിയുടെ മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് ലൈവില്‍ പ്രവര്‍ത്തകരുമായി സംവദിച്ചിരുന്നു. സിപിഎമ്മിന്‍റെ ഔദ്യോഗിക പേജിലും സ്വന്തം പേജിലും തത്സമയമെത്തിയായിരുന്നു ജനങ്ങളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും പിണറായി മറുപടി നല്‍കിയത്.  29 വരെ നീണ്ടു നിൽക്കുന്ന ഭവന സന്ദർശന പരിപടിയിൽ സംസ്ഥാന നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കും.

പാറ്റൂരിൽ നടന്ന ഭവന സന്ദർശനത്തിൽ കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്തു. ഗൃഹസന്ദർശനത്തിന്റെ ഭാഗമായി ലഭിക്കുന്ന റിപ്പോർട്ട് വിശദമായി ചർച്ച ചെയ്ത് തിരുത്തൽ വേണ്ട കാര്യങ്ങളിൽ തിരുത്തലുണ്ടാകുമെന്ന് കോടിയേരി പറഞ്ഞു. ശബരിമല വിഷയത്തിലുണ്ടായിട്ടുള്ള തെറ്റിദ്ധാരണ മാറ്റാനും ഈ സന്ദർശനത്തിൽ പാർട്ടി ശ്രമിക്കുമെന്നും കോടിയേരി പറഞ്ഞു.

ലേക്സഭാ തെരഞ്ഞെടുപ്പിലേറ്റ വലിയ പരാജയത്തിന് ശേഷം സംസ്ഥാന സെക്രട്ടേറിയറ്റിലും കേന്ദ്ര കമ്മിറ്റിയിലും ശബരിമല വിഷയം കാരണമാണെന്ന വിലയിരുത്തലുണ്ടായിരുന്നു. ഇത്തരത്തില്‍ നിരന്തരം പാര്‍ട്ടി പ്രതിരോധത്തിലാകുന്ന സാഹചര്യത്തിലാണ് അടിത്തട്ടില്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കാന്‍ നേതാക്കളടക്കം ഇറങ്ങി പ്രവര്‍ത്തിക്കാന്‍ സിപിഎം തീരുമാനിച്ചിരിക്കുന്നത്. 

മാധ്യമങ്ങള്‍ കുപ്രചാരണം നടത്തുമെന്നും വലതുപക്ഷത്തിന്‍റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നുവെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ ആരോപിച്ചത്. സര്‍ക്കാറിന്‍റെ നല്ല പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ചില മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇത്തരത്തില്‍ മാധ്യമ വാര്‍ത്തകളിലുള്ള തെറ്റിദ്ധാരണകള്‍ മാറ്റാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് സിപിഎം വ്യക്തമാക്കുന്നത്.

click me!