കയർ ഫെഡിൽ വിരമിച്ച ഉദ്യോഗസ്ഥർക്ക് സിപിഎം സ്വാധീനത്തിൽ നിയമനം: ആരോപണത്തിൽ റിപ്പോർട്ട് തേടിയതായി മന്ത്രി

By Web TeamFirst Published Oct 6, 2021, 6:04 PM IST
Highlights

കയർ ഫെഡിൽ വിരമിച്ച ഉദ്യോഗസ്ഥർക്ക് പാർട്ടി സ്വാധീനത്തിൽ വീണ്ടും നിയമനം  നൽകിയെന്ന ആരോപണം വകുപ്പ് തല റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്. 

തിരുവനന്തപുരം: കയർ ഫെഡിൽ (Coirfed) വിരമിച്ച ഉദ്യോഗസ്ഥർക്ക് പാർട്ടി സ്വാധീനത്തിൽ വീണ്ടും നിയമനം (Controversial appoinments) നൽകിയെന്ന ആരോപണം വകുപ്പ് തല റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്. റിപ്പോർട്ട് ലഭിച്ച ശേഷം അന്വേഷണ കാര്യത്തിൽ തീരുമാനമെടുക്കും എന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

കയർഫെഡിലെ  വിവാദനിയമനങ്ങൾ  അന്വേഷിക്കാൻ കയർഫെഡ് ഡയറക്ടർ ഇന്നലെ ഉത്തരവിട്ടിരുന്നു. അഡീഷനൽ ഡയറക്ടർക്കാണ് അന്വേഷണ ചുമതല. അന്വേഷിച്ച് പത്തു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. കയർഫെഡിൽ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ ഭാര്യയടക്കമുള്ളവരെ വിരമിച്ചതിന് ശേഷവും നിയമിച്ചത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു അന്വേഷണം പ്രഖ്യാപിച്ചത്. പെൻഷൻ പ്രായം കഴിഞ്ഞിട്ടും നിയമനം നൽകിയ വാർത്ത ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. 

കയർ ഫെഡ്ഡിലെ ക്രമക്കേടുകളും കെടുകാര്യസ്ഥതയും തുറന്നുകാട്ടുന്നതായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ കെട്ടുപിണഞ്ഞ് ക്രമക്കേട് പരമ്പര. കയർ ഫെഡ് ആസ്ഥാനത്തെ പേഴ്സണൽ മാനേജരാണ് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസറിന്‍റെ ഭാര്യ ഷീല നാസർ. വയസ്സ് 58 തികഞ്ഞതോടെ ഇക്കഴിഞ്ഞ ജൂലൈയിൽ വിരമിച്ചു. പക്ഷെ അതേ തസ്തികയിൽ പുനർനിയമനം കൊടുക്കുകയായിരുന്നു. സമാനരീതിയിൽ സിഐടിയു എംപ്ലോയീസ് യൂണിയൻ സെക്രട്ടറി എംപി നാരായണനും നിയമനം നൽകിയിരുന്നു. 

താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിലും ക്രമക്കേട് നടന്നു. വർക്കർ തസ്തികയിൽ ജോലി ചെയ്ത 29 പേരെയും സ്വീപ്പർ തസ്തികയിൽ ജോലി ചെയ്ത രണ്ട് പേരെയും അടക്കം 31 പേരെ സ്ഥിരപ്പെടുത്താൻ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കയർ ഫെഡ് ബോർഡ് യോഗം തീരുമാനിച്ചു. നിയമന ഉത്തരവ് ഇറങ്ങിയപ്പോൾ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ ഭാര്യാ സഹോദരൻ എസ് സുരേഷ് ഉൾപ്പെടെ 19 പേർ മാത്രമാണ് മാത്രം സ്ഥിരപ്പെട്ടത്.

സഹകരണ വകുപ്പിന്‍റെ ഓഡിറ്റ് റിപ്പോർട്ട് മാനേജ്മെന്‍റ് ഇടപെട്ട് പൂഴ്ത്തിയതടക്കമുള്ള വിവരങ്ങളും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. സ്ഥാപനത്തിന്‍റെ പ്രവർത്തന നഷ്ടത്തിൽ ഉന്നത ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് വാർഷിക പൊതുയോഗത്തിൽ വയ്ക്കാതെ മുക്കിയത്. 

click me!