
കൊച്ചി: പ്രളയ ദുരിതാശ്വാസ തട്ടിപ്പിൽ സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറിക്കെതിരെ പരാതി നൽകിയ വിവരാവകാശ പ്രവർത്തകനെതിരെ കമ്മീഷനർക്ക് പരാതി. ആരോപണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും അന്വേഷണം വേണമെന്നും ചൂണ്ടികാട്ടി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ ആണ് പരാതി നൽകിയത്. ഫണ്ട് തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടർ കൗലത്തിനോട് സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടാൻ സിപിഎം തീരുമാനിച്ചു.
വിവരാവകാശ പ്രവർത്തകനും കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് പ്രളയ ഫണ്ട് തട്ടിപ്പിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് ആരോപിച്ച് രംഗത്തുവന്നത്. കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയാണ് പ്രളയ ഫണ്ടിൽ തട്ടിപ്പ് നടത്തിയതെന്നാണ് ഗിരീഷ് മുഖ്യമന്ത്രിക്കും സഹകരണ വകുപ്പിനും നൽകിയ പരാതിയിൽ ആരോപിച്ചിരിക്കുന്നത്.
തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായ എം എം അൻവറിന് സഹകരണ ബാങ്കിൽ നിന്ന് പണം കൈമാറാൻ സമ്മർദ്ദം ചെലുത്തിയത് സക്കീർ ഹുസൈനാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ഇതിനെതിരെയാണ് സക്കിർ ഹുസൈൻ കമ്മീഷണറെ സമീപിച്ചത്. യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണ് സിപിഎം ഏരിയ സെക്രട്ടറി ആയ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് സക്കീർ ആരോപിക്കുന്നു.
തട്ടിപ്പിൽ പ്രതികളായ ലോക്കൽ കമ്മിറ്റി അംഗങ്ങൾ അടക്കമുള്ളവരെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. കേസിൽ ഒളിവിൽ കഴിയുന്ന അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടർ കൗലത്തിനോട് സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടാനും നേതൃത്വം തീരുമാനിച്ചു. തട്ടിപ്പിൽ കൂടുതൽ സിപിഎം നേതാക്കൾ ഇല്ലെന്നാണ് പാർട്ടി നിലപാട്. ഇതിനിടെ സിപിഎം നിയന്ത്രണത്തിൽ ഉള്ള അയ്യനാട് സഹകരണ ബാങ്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി, ലീഗ് പ്രവർത്തകർ ഇന്ന് ബാങ്കിലേക്ക് മാർച്ച് നടത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam