CPIM : സിപിഎം ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് കണ്ണൂരിൽ തുടക്കം

By Web TeamFirst Published Dec 10, 2021, 8:39 AM IST
Highlights

വനിതാ നേതൃത്വങ്ങൾ, യുവ പ്രാതിനിധ്യം, സംഘടനാ വീഴ്ചകളിലെ നടപടികൾ എന്ന് തുടങ്ങി ഇക്കുറി സിപിഎം സമ്മേളനങ്ങളിലെ ആദ്യ മൂന്ന് ഘട്ടങ്ങളിൽ താഴേത്തട്ടിൽ നവീകരണം പ്രകടമായിരുന്നു

കണ്ണൂർ: സിപിഎം ജില്ലാ സമ്മേളനങ്ങൾക്ക് (CPIM District conference) ഇന്ന് തുടക്കമാകും. പാർട്ടി കോണ്‍ഗ്രസ് (CPIM Party Congress) വേദിയായ കണ്ണൂരിലാണ് ആദ്യ ജില്ലാ സമ്മേളനം. തുടർ ഭരണം നേടിയ രാഷട്രീയ നേട്ടത്തെ സമ്മേളനങ്ങളിലെ ചർച്ചകളിൽ പ്രതിനിധികൾ പ്രശംസിക്കുമ്പോഴും പിണറായി സർക്കാരിന്റെ (Pinarayi Government) കാലത്തെ പൊലീസ് വീഴ്ചകളിൽ ശക്തമായ വിമർശനമാണ് സമ്മേളനങ്ങളിൽ ഉയർന്നത്.

വനിതാ നേതൃത്വങ്ങൾ, യുവ പ്രാതിനിധ്യം, സംഘടനാ വീഴ്ചകളിലെ നടപടികൾ എന്ന് തുടങ്ങി ഇക്കുറി സിപിഎം സമ്മേളനങ്ങളിലെ ആദ്യ മൂന്ന് ഘട്ടങ്ങളിൽ താഴേത്തട്ടിൽ നവീകരണം പ്രകടമായിരുന്നു. കണ്ണൂരിൽ പൂർണ്ണമായും മറ്റ് ജില്ലകളിൽ 70 ശതമാനവും ഏരിയാ സമ്മേളനങ്ങൾ പൂർത്തിയാകുമ്പോഴാണ് ജില്ലാ സമ്മേളനങ്ങൾ ആരംഭിക്കുന്നത്.

ബ്രാഞ്ച് മുതൽ ഏരിയാ സമ്മേളനങ്ങൾ വരെ ഉയർന്ന പ്രധാന വിമർശനം സംസ്ഥാന പൊലീസിനെതിരെയാണ്. മോണ്‍സണ്‍ വിവാദം, മോഡലുകളുടെ മരണത്തിലും ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ ചർച്ചയാകുന്നതിലും ലോക്കൽ പൊലീസിന്‍റെ ഗുരുതര വീഴ്ചകളിലുമാണ് സിപിഎം അംഗങ്ങളിൽ നിന്ന് പാർട്ടിക്കകത്ത് വിമർശനം ഉയർന്നത്. യുഎപിഎ ദേശീയതലത്തിൽ എതിർക്കുമ്പോൾ കേരളത്തിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യുന്നതിലും വിമർശനമുണ്ട്. 

തുടർഭരണത്തിൽ മന്ത്രിമാരുടെ ഓഫീസ് സ്റ്റാഫിൽ മാറ്റം വന്നിട്ടും മുഖ്യമന്ത്രി ആരോപണവിധേയരെ സ്റ്റാഫിൽ ഉൾപ്പെടുത്തിയതിലും വിമർശനമുയർന്നിരുന്നു. വിഭാഗീയത ഇല്ലെന്ന് പറയുമ്പോഴും ഏരിയാ സമ്മേളനങ്ങളിൽ പലയിടത്തും മത്സരം നടന്നതും വർക്കലയിൽ നടന്ന കൂട്ടത്തല്ലും പാർട്ടിക്ക് കളങ്കമായി. മുഖ്യമന്ത്രി ശക്തമായി പൊലീസിൽ ഇടപെടണമെന്നാണ് അണികളുടെ ആവശ്യം. പൊതുമരാമത്ത്, ആരോഗ്യ വകുപ്പുകൾക്കെതിരെയും വിമർശനമുണ്ട്. ആറ് മാസത്തെ കാലാവധി കൊണ്ട് സർക്കാരിനെ വിലയിരുത്താനാകില്ലെന്നാണ് ജില്ലാ നേതൃത്വങ്ങളുടെ പ്രതിരോധം. 

പാലക്കാട്, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ ചേരിതിരിവ് പ്രകടമാണ്. കണ്ണൂരിൽ നിന്നും ജില്ലാ സമ്മേളനങ്ങൾ തുടങ്ങുമ്പോൾ കീഴ്‌ഘടകങ്ങളിൽ കൊണ്ടുവന്ന കർക്കശ നിലപാടുകൾ ജില്ല, സംസ്ഥാന സമ്മേളനങ്ങളിലും നടപ്പാക്കുമോ എന്നതാണ് പ്രധാന ചോദ്യം. 1951 വനിതാ ബ്രാഞ്ച് സെക്രട്ടറിമാരിൽ തുടങ്ങി ലോക്കൽ, ഏരിയാ കമ്മിറ്റികളിലും വനിതാ സെക്രട്ടറിമാരുണ്ട്. ജില്ലാ നേതൃത്വങ്ങളിൽ വനിതകളെ സെക്രട്ടറിയാക്കിയാൽ കേരളത്തിലെ പാർട്ടിയിൽ അത് ചരിത്രമാകും. 75 പിന്നിട്ട പ്രമുഖരുടെ നിര 14 ജില്ലകളിലുമുണ്ട്. ഇവർക്ക് ഇളവുണ്ടാകില്ലെന്ന സൂചന നേതൃത്വം നൽകിക്കഴിഞ്ഞു.

സംസ്ഥാന നേതൃത്വം വിഭാഗീയതയില്ലെന്ന് പറയുമ്പോഴും ജില്ലാ കമ്മിറ്റികളിലെ പ്രാദേശിക ഭിന്നതകൾ പാർട്ടിക്ക് വെല്ലുവിളിയാണ്. പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റിയംഗങ്ങളെ രണ്ട് സംഘങ്ങളാക്കി തിരിച്ചാകും സമ്മേളനങ്ങളിൽ നേതൃത്വത്തിന്റെ മേൽനോട്ടം.

click me!