ഖുര്‍ആൻ കൊടുക്കുന്നത് നിയമവിരുദ്ധമാണോ? കെടി ജലീൽ രാജിവക്കുന്ന പ്രശ്നമില്ലെന്ന് കോടിയേരി

By Web TeamFirst Published Sep 18, 2020, 3:13 PM IST
Highlights

ഖുര്‍ആൻ നിരോധിച്ച പുസ്തകമാണോ? ഖുര്‍ആൻ കൊടുക്കുന്നത് നിയമ വിരുദ്ധമാണോ? ആർഎസ്എസ് പ്രചാരണത്തിൽ കോൺഗ്രസ് ഒപ്പം ചേർന്നത് എങ്ങനെ? 

തിരുവനന്തപുരം: എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റും ദേശീയ അന്വേഷണ ഏജൻസിയും ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രി കെടി ജലീലിനെ പൂര്‍ണ്ണമായും പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ചറിയാൻ വേണ്ടി മാത്രമാണ് അന്വേഷണ ഏജൻസികൾ വിളിപ്പിച്ചത്. മാത്രമല്ല എൻഐഎ സാക്ഷിയെന്ന നിലയിൽ ആണ് കെടി ജലീലിനെ വിളിപ്പിച്ച് വിവരങ്ങളാരാഞ്ഞതെന്നും അതിലെന്താണ് തെറ്റെന്നും കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു. 

ഖുര്‍ആൻ നിരോധിച്ച പുസ്തകമാണോ? ഖുര്‍ആൻ കൊടുക്കുന്നത് നിയമ വിരുദ്ധമാണോ? ആർഎസ്എസ് പ്രചാരണത്തിൽ കോൺഗ്രസ് ഒപ്പം ചേർന്നത് എങ്ങനെ? ഖുര്‍ആൻ കൊണ്ടുവന്നതിലും വിതരണം ചെയ്തതിലും ബിജെപി ഉന്നയിക്കുന്ന എതിര്‍പ്പ് പികെ കുഞ്ഞാലിക്കുട്ടി ഏറ്റുപിടിക്കുന്നത് എന്തിനാണെന്നും കോടിയേരി ബാലൃഷ്ണൻ ചോദിച്ചു.  പ്രാചാരണങ്ങൾക്ക് അൽപ്പായുസ്സാണ്. കെടി ജലീൽ രാജിവക്കാൻ പോകുന്നില്ല. എന്ത് സമരം നടത്തിയാലും അതുണ്ടാകില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 

പതിനാല് മണിക്കൂര്‍ ഉമ്മൻചാണ്ടി ജുഡീഷ്യൽ കമ്മീഷന് മുന്നിലിരുന്നു. അന്നത്തെ മുഖ്യമന്ത്രി രാജിവച്ചിരുന്നെങ്കിൽ ധാര്‍മ്മികത മുൻനിര്‍ത്തിയുള്ള ചോദ്യങ്ങൾക്ക് അര്‍ത്ഥമുണ്ടാകുമായിരുന്നു എന്നും കോടിയേരി പ്രതികരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളെ കണ്ടത്. രണ്ടാഴ്ചക്കിടെ ഉണ്ടായ വിവാദങ്ങളോട് സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടെന്ന നിലയിലാണ് കെടി ജലീലിന് അടക്കമുള്ള വിവാദങ്ങളിലെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. 

 

click me!