Latest Videos

യാക്കോബായ സഭയെ അനുനയിപ്പിക്കാൻ നീക്കം; പളളിത്തർക്കത്തിൽ സർക്കാർ ഉത്തരവിന് സാധ്യത

By Web TeamFirst Published Feb 25, 2021, 9:09 PM IST
Highlights

പളളിത്തർക്കത്തിൽ ഓ‍‍ർഡിനൻസ് ഇല്ലെങ്കിൽ പിണറായി സർക്കാരിനൊപ്പമില്ലെന്ന് യാക്കോബായ സഭ കടുത്ത നിലപാടെടുത്ത പശ്ചാത്തലത്തിലാണ് അനുനയനീക്കങ്ങൾ ആരംഭിച്ചത്. 

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പടുത്തിരിക്കേ ഇടഞ്ഞുനിൽക്കുന്ന യാക്കോബായ സഭയെ അനുനയിപ്പിക്കാൻ പിണറായി സർക്കാരിന്‍റെ പുതിയ നീക്കം. പളളിത്തർക്കത്തിൽ ഓർഡിനൻസിന് പകരമായി യാക്കോബായ സഭയ്ക്ക് അനുകൂലമായ ഉത്തരവിറക്കാനാണ് ആലോചന. സഭ കൈവിട്ടാൽ എറണാകുളത്തടക്കം മധ്യകേരളത്തിലെ പല മണ്ഡലങ്ങളിലും തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിൽ കൂടിയാണിത്. 

പളളിത്തർക്കത്തിൽ ഓ‍‍ർഡിനൻസ് ഇല്ലെങ്കിൽ പിണറായി സർക്കാരിനൊപ്പമില്ലെന്ന് യാക്കോബായ സഭ കടുത്ത നിലപാടെടുത്ത പശ്ചാത്തലത്തിലാണ് അനുനയനീക്കങ്ങൾ ആരംഭിച്ചത്. തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ഉന്നത സർക്കാർ പ്രതിനിധികളുമായി യാക്കോബായ സഭാ ബിഷപ്പുമാർ ചർച്ച നടത്തി. മീഡിയ കമ്മീഷൻ ചെയർമാൻ ബിഷപ് കുര്യാക്കോസ് മാർ തെയോഫിലോസ് അടക്കമുളളവർ പങ്കെടുത്ത യോഗത്തിൽ സർക്കാർ മുന്നോട്ടുവെച്ച നി‍ർദേശം ഇങ്ങനെയാണ്. 

ഇപ്പോഴത്തെ സാഹചര്യത്തിൽ നിയമനി‍ർമാണം സർക്കാരിന് തിരിച്ചടിയുണ്ടാക്കും. അതിനു പകരമായി തൽക്കാലത്തേക്ക് പളളികൾ കൈവിട്ട് പോകാതിരിക്കാൻ ഒരുത്തരവിറക്കാം. യാക്കോബായ സഭയുടെ കൂടി പിന്തുണയോടെ ഇടതു സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ നി‍യമം നി‍ർമാണം കൊണ്ടുവരാം. പളളിത്തർക്കം പരിഹരിക്കുന്നതിന് ആവശ്യമെങ്കിൽ സർക്കാരിന് നിയമം കൊണ്ടുവരാമെന്ന് സുപ്രീംകോടതിയുത്തരവിൽത്തന്നെയുളളത് വ്യാഖ്യാനിച്ചാണ് ഈ നീക്കം. ഉത്തരവിറക്കി യാക്കോബായ സഭയെ സമാശ്വസിപ്പിക്കാനാണ് ഇടതുകേന്ദ്രങ്ങളുടെ ആലോചന. പളളിത്തർക്കത്തിൽ എന്തെങ്കിലും ചെയ്യാതെ നിയമസഭാതെരഞ്ഞെടുപ്പിൽ ഇടുതുമുന്നണിയെ പിന്തുണയ്ക്കണമെന്ന് വിശ്വാസികളോട് ആവശ്യപ്പടാനാകില്ലെന്ന് സഭാ കേന്ദ്രങ്ങൾ സർക്കാരിനെ അറിയിച്ചിരുന്നു. 

സർക്കാർ മുന്നോട്ടുവെച്ച നിർദേശം ചർച്ചചെയ്ത ശേഷം അറിയിക്കാമെന്നാണ് സഭാ കേന്ദ്രങ്ങൾ മറുപടി നൽകിയിരിക്കുന്നത്. പിണറായി സർക്കാരിന് വീണ്ടും അധികാരത്തിൽ എത്തണമെങ്കിൽ ‍യു‍ഡിഎഫിന് മേൽക്കൈയുളള എറണാകുളത്തടക്കം വോട്ടു ബാങ്കുകളിൽ വിളളൽവീഴ്ത്തണമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. യാക്കോബായ സഭയുടെ പിന്തുണയില്ലാത്തെ എറണാകുളത്തെ ഗ്രാമീണ മണ്ഡലങ്ങളിൽ ഇതിനു കഴിയില്ലെന്നും കണക്കുകൂട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് ഉന്നത സർക്കാർ ഉദ്യോഗസ്ഥരെ മുന്നിൽ നിർത്തി സമവായ ചർച്ചകൾ തുടങ്ങിയത്. 

click me!