ലവ് ജിഹാദ് പരാമർശം; ശാസനയോ തരംതാഴ്ത്തലോ? ജോർജ് എം തോമസിനെതിരെ ഉള്ള നടപടി ചർച്ചചെയ്യാൻ ഇന്ന് സിപിഎം യോ​ഗങ്ങൾ

Published : Apr 20, 2022, 06:41 AM IST
ലവ് ജിഹാദ് പരാമർശം; ശാസനയോ തരംതാഴ്ത്തലോ? ജോർജ് എം തോമസിനെതിരെ ഉള്ള നടപടി ചർച്ചചെയ്യാൻ ഇന്ന് സിപിഎം യോ​ഗങ്ങൾ

Synopsis

ശാസന, തരംതാഴ്ത്തൽ എന്നിവയിൽ ഒരു നടപടിക്കാണ് സാധ്യത. ലൗജിഹാദ് വിഷയത്തിൽ ഇല്ലാത്ത പാർട്ടി രേഖ ഉദ്ധരിക്കുകയും നയവ്യതിയാനം നടത്തുകയും ചെയ്തു എന്നാണ് ആക്ഷേപം. 

കോഴിക്കോട്: ലവ് ജിഹാദ് പരാമർശത്തിൽ ജോർജ് എം തോമസിനെതിരെ ഉള്ള നടപടി ചർച്ചചെയ്യാൻ ഇന്ന് സിപിഎം കോഴിക്കോട് ജില്ല കമ്മിറ്റി, സെക്രട്ടറിയേറ്റ് യോഗങ്ങൾ ചേരും. ശാസന, തരംതാഴ്ത്തൽ എന്നിവയിൽ ഒരു നടപടിക്കാണ് സാധ്യത. ലൗജിഹാദ് വിഷയത്തിൽ ഇല്ലാത്ത പാർട്ടി രേഖ ഉദ്ധരിക്കുകയും നയവ്യതിയാനം നടത്തുകയും ചെയ്തു എന്നാണ് ആക്ഷേപം. 

തിരുവമ്പാടി മുൻ എംഎൽഎയും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായ ജോർജ് എം തോമസിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രം​ഗത്തെത്തിയിരുന്നു. ജോർജ് എം തോമസിനെതിരായ നടപടി കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്നാണ് കോടിയേരി പറഞ്ഞത്

പാർട്ടി രേഖകളിൽ ലൗ ജിഹാദ് യാഥാർത്ഥ്യമാണ് എന്ന തരത്തിലുള്ള പരാമർശങ്ങളുണ്ട് എന്ന് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജോർജ് എം തോമസ് പറഞ്ഞിരുന്നു. ഇത് പാർട്ടിയെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിയുണ്ടാകുമെന്ന് സൂചന വരുന്നത്.  പാർട്ടി പരസ്യമായിത്തന്നെ തള്ളിപ്പറഞ്ഞ 'ലൗ ജിഹാദ്' യാഥാർഥ്യമാണെന്നും, വിദ്യാഭ്യാസം നേടിയ യുവതികളെ പ്രേമം നടിച്ച് മതം മാറ്റി വിവാഹം ചെയ്യാൻ നീക്കം നടക്കുന്നുവെന്ന് പാർട്ടി രേഖകളിലുണ്ട് എന്നാണ് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജോർജ് എം തോമസ് പറഞ്ഞത്. കോടഞ്ചേരിയിലെ മിശ്രവിവാഹ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരാമർശം. 

പാർട്ടി ലോക്കൽ കമ്മിറ്റി അംഗമായ ഷിജിൻ ജോയ്സ്നയുമായുള്ള പ്രണയവും വിവാഹവും പാർട്ടിയെ അറിയിക്കുകയോ പാർട്ടിയിൽ ചർച്ച ചെയ്യുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ലെന്നും, ഇത് സമുദായ മൈത്രി തകർക്കുന്ന പ്രവൃത്തിയാണെന്നും, ഇത്തരക്കാരെ സംരക്ഷിക്കാനോ താലോലിക്കാനോ കഴിയില്ലെന്നുമായിരുന്നു ജോർജ് എം തോമസ് പറഞ്ഞത്. ഷിജിനെതിരെ അച്ചടക്ക നടപടി എടുക്കുന്ന കാര്യം ആലോചിക്കുമെന്നും ജോർജ് എം തോമസ് പറഞ്ഞിരുന്നു.

അവസാനം സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് ജോർജ് എം തോമസിന് നാക്കുപിഴ സംഭവിച്ചതാണെന്ന് വ്യക്തമാക്കി. വിവാഹം കഴിച്ചതിന്‍റെ പേരിൽ ഷിജിനെതിരെ നടപടിയുണ്ടാകില്ലെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. ഡിവൈഎഫ്ഐ, സിപിഎം നേതൃത്വത്തിലുള്ള പലരും ജോയ്‍സ്നയ്ക്കും ഷിജിനും തുറന്ന പിന്തുണയുമായി രംഗത്ത് വന്നു. 

സംഭവം കൈവിട്ട് പോയതോടെ കോടഞ്ചേരി അങ്ങാടിയിൽ നടത്തിയ വിശദീകരണയോഗത്തിൽ ജോർജ് എം തോമസ് തെറ്റ് ഏറ്റുപറഞ്ഞു. ഷിജിന് എല്ലാം പാർട്ടിയെ അറിയിച്ച് മുന്നോട്ട് പോകാമായിരുന്നുവെന്നും, ഇക്കാര്യത്തിൽ ഇനി ചർച്ച വേണ്ടെന്നും അടഞ്ഞ അധ്യായമാണെന്നും പറഞ്ഞ് ജില്ലാ സെക്രട്ടറി പി മോഹനൻ പ്രശ്നം അവസാനിപ്പിക്കാൻ ശ്രമിച്ചു,

എന്നാൽ, ബിജെപിയും കോൺഗ്രസും സംഭവം വിവാദമാക്കി. ജോയ്‍സ്നയുടെ വീട് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ സന്ദർശിക്കാനെത്തി. സ്ഥലത്ത് ഇടവക വികാരിയെയും താമരശ്ശേരി രൂപതാ അധ്യക്ഷനെയും അടക്കം ബിജെപി നേതാക്കൾ നേരിട്ടു കണ്ടു. പരോക്ഷമായി ഈ വിവാഹത്തിനെതിരെ കടുത്ത അതൃപ്തി സ്ഥലത്തെ ക്രിസ്ത്യൻ മതനേതൃത്വം രേഖപ്പെടുത്തുകയും ചെയ്തു. 

സിപിഎം സംസ്ഥാനനേതൃത്വം മാത്രമല്ല, ദേശീയനേതൃത്വം പോലും ജോർജ് എം തോമസിനെ തള്ളിപ്പറഞ്ഞിരുന്നു. 'ലൗ ജിഹാദ്' എന്ന വാക്ക് തന്നെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നും, മുതിർന്ന ഒരു സ്ത്രീക്കും പുരുഷനും ഒന്നിച്ച് ജീവിക്കുന്നതിൽ ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ടെന്നുമാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്.

ജോർജ് എം തോമസിന്‍റെ വിവാദ അഭിമുഖം...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു, സംഭവം തൃശൂരില്‍