ഒറ്റപ്പാലം നഗരസഭയിലെ മോഷണം: ആരോപണവിധേയയായ കൗൺസിലറെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി

By Web TeamFirst Published Jul 18, 2019, 5:05 PM IST
Highlights

ഒറ്റപ്പാലം നഗരസഭ കൗൺസിലർ സുജാതക്കെതിരെയാണ് പാർട്ടി നടപടി. സിപിഎം അംഗമായ മറ്റൊരു കൗൺസിലറുടെ പരാതിയെത്തുടർന്നാണ് പുറത്താക്കല്‍ നടപടി.

പാലക്കാട‌്: മോഷണക്കേസിൽ ആരോപണവിധേയയായ നഗരസഭ കൗൺസിലറെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കി. ഒറ്റപ്പാലം നഗരസഭ കൗൺസിലർ സുജാതക്കെതിരെയാണ് പാർട്ടി നടപടി. സിപിഎം അംഗമായ മറ്റൊരു കൗൺസിലറുടെ പരാതിയെത്തുടർന്നാണ് പുറത്താക്കല്‍ നടപടി.

കഴിഞ്ഞമാസം 20നാണ് ഒറ്റപ്പാലം നഗരസഭയിലെ സ്ഥിരം സമിതി അംഗമായ ലതയുടെ 38000 രൂപ നഗരസഭ ഓഫീസിൽവെച്ച് മോഷണം പോയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണം നാല് കൗൺസിലർമാരിലേക്കെത്തി. ഇതിനിടെ വിരലടയാള പരിശോധനയുൾപ്പെടെ പൊലീസ് പൂർത്തിയാക്കി. ചോദ്യം ചെയ്യലിൽ ആരും കുറ്റം സമ്മതിച്ചിരുന്നില്ല. കൃത്യമായ തെളിവുകൾക്കായി നുണ പരിശോധനയടക്കമുളള നടപടിക്ക് പൊലീസ് തയ്യാറെടുക്കുന്നതിനിടെയാണ് സിപിഎം ഇടപെടൽ. പരാതിക്കാരിയും സിപിഎം അംഗമാണ്. പണാപഹരണവുമായി ബന്ധപ്പെട്ട ആരോപണം നിലനിൽക്കുന്നതിനാൽ ലോക്കൽ കമ്മിറ്റി അംഗമായ സുജാതയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി എന്നാണ് ഔദ്യോഗിക വിശദീകരണം.

അതേസമയം, കൗൺസിലർക്കെതിരെ ഇതുവരെ പൊലീസ് കേസ്സെടുത്തിട്ടില്ല. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ കേസ് രജിസ്റ്റർ ചെയ്യൂവെന്നാണ് പൊലീസ് അറിയിച്ചത്. കൗൺസിലർമാർ, നഗരസഭ ജീവനക്കാർ, സന്ദർശകർ എന്നിവരിൽ നിന്നായി ആകെ 1.70 ലക്ഷം രൂപയും സ്വർണ നാണയവും മോഷണം പോയെന്നാണ് കണക്ക്. മോഷണത്തിനിരയായതായി കാണിച്ച് രണ്ട് നഗരസഭ ജീവനക്കാരും ഒരു കൗൺസിലറും ഒറ്റപ്പാലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

click me!