
തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ പാർട്ടി നിലപാടും മുന്നോട്ടുള്ള പദ്ധതികളും സർക്കാരിന്‍റെ കാര്യങ്ങളെക്കുറിച്ചുമെല്ലാം വിശദമായ മറുപടിയാണ് എം വി ഗോവിന്ദൻ നൽകിയത്. സംസ്ഥാന സെക്രട്ടറിയാക്കാനുള്ള തീരുമാനം കൈകൊണ്ടത് പാർട്ടിയാണെന്നും അത് അനുസരിക്കുമെന്നാണ് ആദ്യം തന്നെ ഗോവിന്ദൻ പറഞ്ഞത്. ഒരു ബുദ്ധിമുട്ടുമില്ലാതെ മുന്നോട്ട് പോകുമെന്നും സെക്രട്ടറി ആകുമ്പോള്‍ പ്രത്യേക വെല്ലുവിളിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിന്നീട് ഉയർന്നത് മന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു. മന്ത്രിസ്ഥാനത്ത് സംതൃപ്തനായിരുന്നുവെന്നും രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരെക്കുറിച്ച് മോശം അഭിപ്രായമില്ലെന്നും പുതിയ സെക്രട്ടറി വ്യക്തമാക്കി. മന്ത്രിമാർക്കെതിരെ വിമർശനമുണ്ടാകുന്നത് പ്രശ്നമുള്ള കാര്യമല്ലെന്നും തനിക്കെതിരെ വിമർശനമുണ്ടായെങ്കിൽ അതിനേയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുത്തൽ വേണ്ടിടത്ത് തിരുത്തൽ നടപടിയുണ്ടാകുമെന്നും സെക്രട്ടറി വ്യക്തമാക്കി. മന്ത്രിസഭയിലേക്ക് മുൻ മന്ത്രിമാർ തിരിച്ചെത്തുമോയെന്ന ചോദ്യത്തിന് എല്ലാം മാധ്യമ സൃഷ്ടി മാത്രമാണെന്നായിരുന്നു മറുപടി.
ദേശീയ തലത്തിൽ ഇടതുപക്ഷത്തിനൊപ്പമുള്ള ആർ എസ് പിയെക്കുറിച്ചുള്ള നിലപാടിൽ മാറ്റമുണ്ടാകുമോയെന്നാണ് പിന്നീട് ഉയർന്ന ചോദ്യങ്ങളിലൊന്ന്. ആർ എസ് പി ഇപ്പോൾ വലതു പക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇടതുപക്ഷ നിലപാടുമായി വന്നാൽ പരിഗണിക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു. ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു. വര്‍ഗീയത, തൊഴിലില്ലായ്മ എന്നിവ വെല്ലുവിളിയായി തുടരുകയാണെന്നും ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്നും കേരളം ഒരു ബദലായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ചില ഘട്ടങ്ങളില്‍ ഉണ്ടായ വിഭാഗീയത പരിഹരിച്ച് പാർട്ടി മുന്നോട്ട് പോയിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മന്ത്രി സ്ഥാനം രാജിവയ്ക്കുന്നത് നിയമസഭാ സമ്മേളനത്തിന് ശേഷമായിരിക്കുമെന്ന സൂചനകളാണ് പുതിയ സെക്രട്ടറിയിൽ നിന്നുണ്ടാകുന്നത്.
പിണറായിയുടെ വഴിയേ ഗോവിന്ദൻ...പുതിയ സെക്രട്ടറിക്ക് മുന്നിൽ ഉത്തരവാദിത്തങ്ങൾ ഏറെ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam