
തിരുവനന്തപുരം:മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുസ്മരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അമ്പതാണ്ടുകളിലേറെക്കാലം കോൺഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയ ധാരയാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ ഇല്ലാതാവുന്നതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ വേർപാടിൽ രാഷ്ട്രീയ കേരളത്തിന്റെ അഗാധമായ ദുഃഖത്തോടൊപ്പം പങ്കുചേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം
ഉമ്മൻചാണ്ടി വിടവാങ്ങുകയാണ്. മുൻ കേരള മുഖ്യമന്ത്രിയും തലമുതിർന്ന കോൺഗ്രസ്സ് നേതാവും ദീർഘകാലം പുതുപ്പള്ളിയുടെ ജനപ്രതിനിധിയുമായ അദ്ദേഹം വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് കേരള രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. കക്ഷി രാഷ്ട്രീയത്തിനതീതമായ സൗഹൃദം എക്കാലവും കാത്തുസൂക്ഷിച്ച അദ്ദേഹം ഭരണ, രാഷ്ട്രീയ രംഗങ്ങളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് കടന്നുപോകുന്നത്. അമ്പതാണ്ടുകളിലേറെക്കാലം കോൺഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയ ധാരയാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ ഇല്ലാതാവുന്നത്. ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ വേർപാടിൽ രാഷ്ട്രീയ കേരളത്തിന്റെ അഗാധമായ ദുഃഖത്തോടൊപ്പം പങ്കുചേരുന്നു.
അതേസമയം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് കോൺഗ്രസ് സംസ്ഥാനത്ത് ഒരാഴ്ച നീണ്ടുനിൽക്കുന്ന ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ മാസം 22ന് കോഴിക്കോട് നടത്താൻ നിശ്ചയിച്ചിരുന്ന ജനസദസ്സ് ഉൾപ്പെടെയുള്ള കെപിസിസിയുടെയും കോൺഗ്രസിന്റെയും പോഷകസംഘടനകളുടെയും സെല്ലുകളുടെയും എല്ലാ പൊതുപരിപാടികളും ഒരാഴ്ചത്തേക്ക് (ജൂലൈ 24 )മാറ്റിവെച്ചിട്ടുണ്ട്. ജില്ല ,ബ്ലോക്ക് , മണ്ഡലം, ബൂത്ത്, സിയുസി തലങ്ങളിൽ ഈ ഒരാഴ്ചക്കാലം ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടികൾ നടത്തണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി നിർദ്ദേശിച്ചു.
Read More : 'തൊട്ടോട്ടെ എന്ന് പലരും ചോദിക്കും, വേണ്ടെന്ന് പറഞ്ഞാൽ ഉമ്മൻ ചാണ്ടി സാർ വഴക്കുപറയും, കെട്ടിപ്പിടിച്ചേ വിടൂ'
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam