
തൃശൂർ: പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകളുമായി ബന്ധപ്പെട്ട് മുന്നണികൾ തിരക്കിലേക്ക്. കോൺഗ്രസിൽ ചർച്ചകൾ സജീവമായതോടെ സിപിഎമ്മിലും ചർച്ചകൾക്ക് തുടക്കമിട്ടു. ഇതിൻ്റെ ഭാഗമായി സിപിഎം തൃശൂർ ജില്ലാ സെക്രട്ടേറിയേറ്റ് യോഗം തുടങ്ങി. സ്ഥാനാർഥിയെ സംബന്ധിച്ച സംസ്ഥാന കമ്മിറ്റി നിർദ്ദേശം ജില്ലാ സെക്രട്ടേറിയേറ്റിൽ റിപ്പോർട്ട് ചെയ്തേക്കും. ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുക്കുന്നുണ്ട്. മുൻ എംഎൽഎ കെ രാധാകൃഷ്ണൻ പാർലമെന്റിലേക്ക് മത്സരിച്ച് ജയിച്ചതിനെ തുടർന്നാണ് ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനുള്ള സാഹചര്യം ഉണ്ടായത്.
പട്ടികജാതി ക്ഷേമ ബോർഡ് ചെയർമാൻ യുആർ പ്രദീപിനാണ് ചേലക്കരയിൽ സാധ്യതയെന്നാണ് റിപ്പോർട്ട്. അതേസമയം, പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ വിവാദം പുകയുന്നു. ഡോ പി സരിന് വേണ്ടിയും രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടിയും ഒരു വിഭാഗം രംഗത്തെത്തിയതോടെ ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ ചൂടുപിടിക്കുകയാണ്. ഇതിനകം സരിന് വേണ്ടി പ്രതിഷേധം കടുപ്പിച്ച് പാലക്കാട്ടെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. നേരത്തെ, രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് ഷാഫി പറമ്പിൽ രംഗത്തെത്തിയതും വലിയ ചർച്ചയായിരുന്നു.
അതിനിടെ, ഡോ പി സരിൻ ഇന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനെ കാണും. രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കരുതെന്നാണ് ആവശ്യപ്പെടുക. സ്ഥാനാർത്ഥിത്വം പിന്തുടർച്ചാവകാശം പോലെയാക്കരുത്. ജനാധിപത്യ മര്യാദ പാലിക്കണം. ജില്ലയിലെ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം കൂടി എടുക്കണമെന്നും സരിന് വേണ്ടി വാദിക്കുന്നവർ പറയുന്നു. അതേസമയം, രാഹുലിന് ജില്ലയിലെ ഭൂരിഭാഗം നേതാക്കളുടെയും പിന്തുണയുണ്ടെന്നാണ് മറുവിഭാഗത്തിന്റെ വാദം.
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ കടുത്ത എതിർപ്പുമായി പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾക്കും എതിർപ്പുണ്ട്. രാഹുലിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ സംസ്ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. പാലക്കാട് സിപിഎം വോട്ടുകൾ ലഭിക്കുന്നയാളെ സ്ഥാനാർത്ഥിയാക്കണമെന്നും നിരന്തരം സിപിഎമ്മിനെ അധിക്ഷേപിക്കുന്ന രാഹുൽ മത്സരിച്ചാൽ തിരിച്ചടിയാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പാലക്കാട്ടെ മണ്ണിൽ രാഹുൽ അൺഫിറ്റാണെന്നും കെ മുരളീധരനെ മത്സരിപ്പിക്കണമെന്നുമാണ് ആവശ്യം.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam