
തിരുവനന്തപുരം പാറശ്ശാലയിൽ സിപിഎം പ്രവർത്തകയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രദേശിക പാർട്ടി നേതാക്കൾക്കെതിരെ കേസെടുക്കാതെ പൊലീസ്. ആത്മഹത്യകുറിപ്പിന്റെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്. ഈ സാഹചര്യത്തിൽ ആശയുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
സിപിഎം പ്രാദേശികനേതാക്കളുടെ മാനസിക പീഡനത്തിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നായിരുന്നു മരിച്ച ആശയുടെ ആത്മഹത്യ കുറിപ്പ്. ലോക്കൽ കമ്മിറ്റി അംഗങ്ങളായ അലത്തറക്കൽ ജോയ്, കൊറ്റാമം രാജൻ എന്നിവരുടെ പേരുകളാണ് കുറിപ്പിൽ ഉണ്ടായിരുന്നത്. ഇവർക്കെതിരെ പരാതി നൽകിയിട്ട് പാർട്ടി നടപടിയെടുത്തില്ലെന്നും ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു. നേതാക്കൾക്കെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തണമെന്നാണ് കുടുംബത്തിന്റെയും ആവശ്യം.
എന്നാൽ പ്രാദേശിക നേതാക്കൾക്കെതിരെ പാറശ്ശാല പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് സിപിഎം നേതാക്കളുടെ പേരിലുളള കേസ് ഒതുക്കി തീർക്കാൻ ഉന്നത സമ്മർദ്ദമുണ്ടെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തർ വീണ്ടും പ്രതിഷേധിച്ചത്. ആശയുടെ മൃതദേഹവുമായെത്തിയ ആംബുലൻസ് തടയാനുളള ശ്രമം സംഘർഷത്തിൽ കലാശിച്ചു. തുടർന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉദയൻകുളങ്ങര റോഡ് ഉപരോധിച്ചു. ആശ സിപിഎം പ്രവർത്തകയല്ലെന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ പ്രസ്താവനക്കെതിരെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam