
കോഴിക്കോട്: സസ്പെൻഷനിലായിരുന്ന കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമിലെ സിപിഒ ഉമേഷ് വളളിക്കുന്നിനെ സർവ്വീസിൽ തിരിച്ചെടുത്തു. ഉമേഷിനെ ഫറോക്ക് പൊലീസ് സ്റ്റേഷനിൽ നിയമിച്ച് കൊണ്ട് സിറഅറി പൊലീസ് കമ്മീഷണർ ഉത്തരവിട്ടു. തിരിച്ചെടുക്കണമെന്ന ഉമേഷിന്‍റെ അപേക്ഷയിലാണ് നടപടി.
വനിതാ സുഹൃത്തിന് വാടകയ്ക്ക് വീട് എടുത്തു നല്‍കി എന്നതടക്കമുള്ള സദാചാര പ്രശ്നങ്ങൾ ആരോപിച്ച് 2020 സപ്തംബറിലാണ് ഉമേഷിനെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.വി.ജോർജ്ജ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്. ആറ് മാസത്തിന് ശേഷം, അന്വേഷണം പൂർത്തിയാക്കി സർവ്വീസിൽ തിരിച്ചെടുക്കണമെന്ന ഉമേഷിനെ അഭ്യർത്ഥന പ്രകാരമാണ് ഫറോക്ക് പൊലീസ് സ്റ്റേഷനിൽ നിയമിച്ച് കൊണ്ട് കമ്മീഷണർ ഉത്തരവിട്ടത്.
നേരത്തെ ഡോ. ബിജു സംവിധാനം ചെയ്ത കാടു പൂക്കുന്ന നേരം എന്ന സിനിമയുടെ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവച്ചതിന് 2019ലും ഉമേഷിനെ കമ്മീഷണർ സസ്പെൻഡ് ചെയ്തിരുന്നു. തുടര്‍ച്ചയായി അച്ചടക്ക നടപടിയെടുക്കുന്നത് കമ്മീഷണർക്ക് വ്യക്തിവിദ്വേഷണം ഉള്ളത് കൊണ്ടാണെന്നായിരുന്നു ഉമേഷിൻ്റെ ആരോപണം. ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് സംസാരിച്ചതിന് ഉമേഷിനെതിരെ വകുപ്പുതല അന്വേഷണത്തിനും കമ്മീഷണർ ഉത്തരവിട്ടിരുന്നു. സദാചാര പ്രശ്നങ്ങൾ ആരോപിച്ച് സസ്പെന്‍ഡ് ചെയ്തതിനെതിരെ സാംസ്കാരിക പ്രവർത്തകരടക്കം നിരവധി പേർ ഉമേഷിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
സുഹൃത്തായ യുവതിയുടെ ഫ്ളാറ്റില്‍ ഉമേഷ് നിത്യ സന്ദര്‍ശനം നടത്തുന്നു എന്നതടക്കമുളള സസ്പെന്‍ഷന്‍ ഉത്തരവിലെ പരാമര്‍ശങ്ങള്‍ അപകീർത്തികരമായിരുന്നു എന്ന് കാണിച്ച് കൊണ്ട് യുവതി ഉത്തരമേഖല ഐജിക്ക് പരാതി നൽകിയിരുന്നെങ്കിലും അന്വേഷണം പൂർത്തിയായിട്ടില്ല. അതേസമയം തിരിച്ചെടുക്കണമെന്ന അപേക്ഷയിൽ കമ്മീഷണറുടെ സദാചാര ഗുണ്ടായിസത്തെ ചോദ്യം ചെയ്യുകയാണ് ചെയ്തതന്നും അതേപറ്റി പരാമർശമൊന്നും ഉണ്ടായിരുന്നില്ലെന്നും ഉമേഷ് ആരോപിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam