
കൽപ്പറ്റ: ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ നൽകുന്ന ടൗൺഷിപ്പിലെ ഒരുവീട്ടിൽ വിള്ളലുണ്ടായെന്ന വാർത്തയെ തുടർന്ന് സ്ഥലത്തെത്തി മന്ത്രി കെ. രാജൻ. കഴിഞ്ഞ ദിവസമാണ് വാർത്തകൾ പുറത്തുവന്നത്. പിന്നാലെ മന്ത്രിയെത്തി പരിശോധന നടത്തുകയും മാർക്ക് ചെയ്ത ഭാഗത്ത് ഉരച്ചുനോക്കുകയും വിലയിരുത്തുകയും ചെയ്തു. വാർത്തകൾക്ക് പിന്നാലെ വിശദീകരണവുമായി ഊരാളുങ്കൽ സാങ്കേതിക വിദഗ്ധരും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. വിള്ളലിൽ ആശങ്ക വേണ്ടെന്നും ഊരാളുങ്കൽ സിഇഒ അരുൺ ബാബു പറഞ്ഞു. സ്ട്രക്ചറിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് കണ്ടെത്താനായി പരിശോധന നടത്തുമെന്നും ഉടമസ്ഥരുടെ എല്ലാ ആശങ്കയും പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗൃഹനാഥനെ സാക്ഷിയാക്കിയായിരിക്കും പരിശോധന നടത്തുകയെന്നും പരിശോധന കഴിഞ്ഞിട്ട് ബാക്കി തീരുമാനിക്കുമെന്നും ടെറസ് മുഴുവൻ വാട്ടർ പ്രൂഫിങ് നടത്തുമെന്നും ഫൈബർ കൂടി ചേർത്ത് കോൺക്രീറ്റിങ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
20 മാസവും വാടകയും ദിനബത്തയും കൂപ്പണും മുടങ്ങാതെ നൽകിയിട്ടുണ്ടെന്നും അതൊന്നും സർക്കാറിന്റെ ഔദാര്യമായി കാണുന്നില്ലെന്നും മന്ത്രി പറഞ്ഞു. നാട്ടിലെ ജനങ്ങളുടെ അവകാശമാണ്. എന്നാൽ, രാജ്യത്ത് ആദ്യമായിട്ടായിരിക്കും ദുരന്ത ബാധിതർക്ക് മുടങ്ങാതെ ഇത്രയും കാലം സഹായം നൽകുന്നതെന്നും കേരളത്തിലും മുമ്പ് ഇത്തരം അനുഭവമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
താമസം തുടങ്ങിയശേഷം പ്രശ്നങ്ങള്‍ വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടിവരുമെന്നും അത് സര്‍ക്കാരിന്‍റെ ഗ്യാരണ്ടിയാണെന്നും കെ രാജൻ പറഞ്ഞു. വീട്ടിൽ വിള്ളൽ കണ്ടെത്തിയ വിവാദം തള്ളികൊണ്ടാണ് മന്ത്രി കെ രാജൻ പ്രതികരിച്ചത്. മേൽക്കൂരയിൽ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ടെന്നും എന്നാൽ, വിള്ളൽ ഉണ്ടായിട്ടില്ലെന്നുമാണ് കെ രാജൻ വ്യക്തമാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam