രാമചന്ദ്രൻ മാസ്റ്ററുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു, സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക്

By Web TeamFirst Published Jan 7, 2021, 8:59 AM IST
Highlights

വയനാട് ജില്ല രൂപീകരിച്ചത് മുതൽ അവിടം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന രാമചന്ദ്രൻ മാസ്റ്റ‍ർ പൊതുജീവിതം അവസാനിപ്പിച്ച ശേഷം കോഴിക്കോട്ട് വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. 

കോഴിക്കോട്: മുൻമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായിരുന്ന കെ.കെ.രാമചന്ദ്രൻ മാസറ്റുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. 

ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു രാമചന്ദ്രൻ മാസ്റ്ററുടെ അന്ത്യം. 78 വയസായിരുന്നു. വയനാട് ജില്ല രൂപീകരിച്ചത് മുതൽ അവിടം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന രാമചന്ദ്രൻ മാസ്റ്റ‍ർ പൊതുജീവിതം അവസാനിപ്പിച്ച ശേഷം കോഴിക്കോട്ട് വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. കോഴിക്കോട് കക്കോടിയിലെ മകന്റെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.  മൃതദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

ബത്തേരിയില്‍ നിന്നും കല്‍പ്പറ്റയില്‍ നിന്നുമായി ആറു തവണ എം.എല്‍.എ ആയിട്ടുണ്ട്. ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളില്‍ അംഗമായിരുന്നു. 1991 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ കല്‍പറ്റ മണ്ഡലത്തില്‍ നിന്ന് വിജയിച്ച രാമചന്ദ്രന്‍ മാസ്റ്റര്‍ 1995-96 കാലത്ത്‌ എ.കെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.

2004 ല്‍ ആന്റണി രാജിവച്ച ശേഷം വന്ന ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തു. 2011 ല്‍ അദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോഴിക്കോട് ഡിസിസി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാമചന്ദ്രൻ മാസ്റ്ററുടെ മൃതദേഹം കോഴിക്കോട് ഡിസിസിയിൽ പൊതുദ‍ർശനത്തിന് വയ്ക്കും. വൈകിട്ട് അഞ്ച് മണിക്കാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. 

click me!