
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് പ്രതിസന്ധികളെ മറികടന്ന് ക്രൂ ചെയ്ഞ്ചിംഗ് പുരോഗമിക്കുന്നു. സിംഗപൂരില്‍നിന്ന് നെതര്‍ലന്റിലെ റോട്ടര്‍ഡാമിലേക്ക് ചരക്കുമായി പോകുകയായിരുന്ന എംടിടിആര്‍ മേംഫിസ് ആണ് ക്രൂ ചെയ്ഞ്ചിംഗിനായി വിഴിഞ്ഞത്ത് എത്തിയത്. രാവിലെ ഏഴേകാലോടെ നങ്കൂരമിട്ട കപ്പലില്‍ നിന്ന് 12 ജീവനക്കാര്‍ കരയ്ക്കിറങ്ങിയപ്പോള്‍ പകരം 11 പേര്‍ വിഴിഞ്ഞത്ത് നിന്നും കപ്പലില്‍ പ്രവേശിച്ചു.
എല്ലാ പരിശോധനകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി 11 മണിയോടെ കപ്പല്‍ നെതര്‍ലന്റ് ലക്ഷ്യമാക്കി പുറപ്പെട്ടു. വെറും നാല് മണിക്കൂറുകൊണ്ടാണ് ക്രൂചെയ്ഞ്ചിംഗ് പൂര്‍ത്തിയക്കി കപ്പലിന് മടങ്ങനായത് വലിയ നേട്ടമാണെന്നും ഇന്ത്യയില്‍ ആദ്യമായാണ് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ക്രൂചെയ്ഞ്ചിംഗ് പൂര്‍ത്തിയക്കിയതെന്നും പോര്‍ട്ടധികൃതര്‍ പറഞ്ഞു.
കൊവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച് പോര്‍ട്ട് ഹെല്‍ത്ത് വിഭാഗത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് ജീവനക്കാര്‍ കപ്പലില്‍ നിന്നും പുറത്തിറങ്ങിയതും പകരം ജീവനക്കാര്‍ കപ്പലില്‍ പ്രവേശിച്ചതും. കഴിഞ്ഞ ദിവസം ക്രൂ ചെയ്ഞ്ചിംഗിനെത്തിയ കപ്പലിലേക്ക് ജീവനക്കാരെ കൊണ്ടുപോകാന്‍ സമയത്ത് ബോട്ട് വിട്ട് നല്‍കാതെ താമസിപ്പിച്ച ഫിഷറീസ് വകുപ്പിന്റെ നടപടിയെ തുടര്‍ന്ന് ഷിപ്പിംഗ് ഏജന്റിന്റെ നേതൃത്വത്തില്‍ നീണ്ടകരയില്‍ നിന്നും രണ്ടു ബോട്ടുകള്‍ വാടകയ്‌ക്കെടുത്ത് വിഴിഞ്ഞത്തെത്തിച്ചാണ് ജീവനക്കാരെയും ഉദ്യോഗസ്ഥരെയും കപ്പലിലെത്തിച്ചത്.
ഇക്കഴിഞ്ഞ 15 നാണ് വിഴിഞ്ഞത്ത് ആദ്യ ക്രൂചെയ്ഞ്ചിംഗ് നടന്നത്. ഇതോടെ കേരളത്തിലെ രണ്ടാമത്തെ ക്രൂ ചെയ്ഞ്ചിംഗ് സെന്ററായി മാറിയ വിഴിഞ്ഞത്ത് ഈ മാസം ഇനിയും മൂന്ന് കപ്പലുകളും അടുത്തമാസം 20 ഓളം ചരക്ക് കപ്പലുകളും ക്രൂ ചെയ്ഞ്ചിംഗ് നടത്താന്‍ സന്നദ്ധത അറിയിച്ചതായി അധികൃതര്‍ പറഞ്ഞു.
നാളെ എത്തുന്ന എന്‍.സി.സി ഹെയ്ല്‍ എന്ന ചരക്കുകപ്പലില്‍നിന്ന് 6 വിദേശികളും രണ്ട് ഇന്ത്യക്കാരുമാണ് വിഴിഞ്ഞത്ത് ഇറങ്ങാനുള്ളത്. വിദേശികളുടെ പേരില്‍ സാങ്കേതികത്വം പറഞ്ഞ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ നിസ്സഹകരണമാണ് ഇടങ്കോലാവുന്നതെന്നാണ് സൂചന. ഇത്കാരണം നാളെ നടക്കാനിരിക്കുന്ന ക്രൂചേഞ്ചിങ് തടസ്സപ്പെടാന്‍ സാധ്യതയുള്ളതായി പോര്‍ട്ട് അധികൃതരും പറയുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ വെള്ളിയാഴ്ച എത്താനിരിക്കുന്ന മൂന്ന് കൂറ്റന്‍ കപ്പലുകളുടെ ക്രൂ ചേഞ്ചിങ്ങും മുടങ്ങുമെന്ന ആശങ്കയിലാണ് പോര്‍ട്ടധികൃതര്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam