
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ അക്കൗണ്ട് തട്ടിപ്പില്‍ 12 കോടി 68 ലക്ഷം രൂപയുടെ തിരിമറി ഇതുവരെ നടന്നതായി പരിശോധനയില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസ് ഏറ്റെടുത്ത കോഴിക്കോട് ജില്ലാ ക്രൈബ്രാഞ്ച് നാളെ പഞ്ചാബ് നാഷണല്‍ ബാങ്കിലും കോര്‍പ്പറേഷനിലും പരിശോധന നടത്തും. ഇന്നലെയാണ് കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ ടി എ ആന്‍റണിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് ഏറ്റെടുത്തത്. ലോക്കല്‍ പൊലീസ് നല്‍കിയ രേഖകളും അക്കൗണ്ടുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും ശേഖരിച്ചു. ഇതുവരെയുള്ള പരിശോധനയില്‍ 12 കോടി 68 ലക്ഷം രൂപയുടെ തിരിമറി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
പല അക്കൗണ്ടുകളില്‍ നിന്ന് തിരിച്ചും മറിച്ചും ഇടപാടുകള്‍ നടത്തിയതിനാല്‍ ബാങ്ക്, കോര്‍പ്പറേഷന്‍ എന്നിവയുടെ രേഖകള്‍ ക്രൈബ്രാഞ്ച് വിശദമായി പരിശോധിക്കും. തട്ടിപ്പ് കേസിലെ പ്രതി പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ എം പി റിജിലിന്‍റെ ആക്സിസ് ബാങ്കിലെ അക്കൗണ്ടും ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഓണ്‍ലൈന്‍ റമ്മിക്ക് ഉള്‍പ്പടെ ഈ അക്കൗണ്ടില്‍ നിന്ന് പണമിടപാട് നടത്തിയതായി കണ്ടെത്തി. 15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് കോര്‍പ്പറേഷന്‍റെ പരാതി.12 കോടിയാണ് ബാങ്ക് പുറത്ത് വിടുന്ന കണക്ക്. ചില സ്വകാര്യ വ്യക്തികളും പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. അതിനാല്‍ തട്ടിപ്പിന്‍റെ വ്യാപ്തി ഇനിയും ഉയരുമെന്നാണ് സൂചന. കേസിലെ പ്രതി എം പി റിജില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോഴിക്കോട് ജില്ലാ കോടതി പരിഗണിക്കും. കഴിഞ്ഞ 29 ആം തിയതി മുതല്‍ റിജില്‍ ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam