ബ്യൂട്ടി പാർലർ വെടിവയ്പ്: ക്വട്ടേഷൻ 30,000 രൂപയുടെതെന്ന് ക്രൈംബ്രാഞ്ച്

By Web TeamFirst Published Apr 12, 2019, 10:04 AM IST
Highlights

വെടിയുതിർത്ത ബിലാലിനും വിപിനും കിട്ടിയത് മുപ്പതിനായിരം രൂപ. രവി പൂജാരിയുമായി ബന്ധമുള്ള കാസർകോട് സംഘമാണ് ക്വട്ടേഷൻ നൽകിയത് .

കൊച്ചി: കൊച്ചിയില്‍ നടി ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള  ബ്യൂട്ടി പാർലറിന് നേരെ വെടിയുതിർക്കാനുള്ള ക്വട്ടേഷന് പ്രതികള്‍ക്ക് ലഭിച്ചത് 30,000 രൂപയെന്ന് ക്രൈബ്രാഞ്ച്.  വെടിയുതിർത്ത പ്രതികള്‍ക്ക് പണം നൽകിയത് രവി പൂജാരിയുമായി ബന്ധമുള്ള കാസർകോട് സംഘമാണെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. 

ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ വ്യാഴാഴ്ചയാണ് എറണാകുളം സ്വദേശികളായ രണ്ട് പേര്‍ പിടിയിലായത്. ബിലാൽ, വിപിൻ എന്നിവരാണ് പിടിയിലായത്. ആക്രമണം നടത്തിയതിന് ശേഷം ഇരുവരും പല തവണ കാസർകോട് എത്തിയെന്നും പ്രതികള്‍ക്കെതിരെ നേരത്തെയും കേസുകള്‍ ഉണ്ടെന്നും ക്രൈംബ്രാഞ്ച് കൂട്ടിച്ചേര്‍ത്തു. മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയുമായി ബന്ധമുള്ള കാസർകോട് സംഘമാണ് ഇവരെ ക്വട്ടേഷൻ ഏൽപ്പിച്ചതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കൊല്ലം സ്വദേശിയായ ഡോക്ടർക്കും ആസൂത്രണത്തിൽ പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. പിടിയിലായവരില്‍ നിന്ന് കൃത്യത്തിനുപയോഗിച്ച തോക്കും കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. 

കഴിഞ്ഞ ഡിസംബര്‍ 15 നാണ് കൊച്ചി കടവന്ത്രയിൽ ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള  ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയവർ വെടിവെച്ചത്. പിന്നാലെ  താനാണ് കൃത്യത്തിന് പിന്നിലെന്ന് അവകാശപ്പെട്ട് രവി പൂജാരി ഏഷ്യാനെറ്റ് ന്യൂസിനെ വിളിച്ചിരുന്നു. നടി ലീന മരിയ പോളിൽ നിന്ന് 25 കോടി രൂപ തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് രവി പൂജാരി ഭീഷണിപ്പെടുത്തിയതെന്നും അത് നടക്കാതെ വന്നതോടെയാണ് വെടിയുതിർത്തതെന്നുമാണ് ക്രൈംബ്രാ‌ഞ്ചിന്‍റെ കണ്ടെത്തൽ. 

click me!