
തിരുവനന്തപുരം : ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ചോദ്യംചെയ്യൽ പുരോഗമിക്കുന്നു. എംഎൽഎക്കൊപ്പം പ്രൈവറ്റ് അസിസ്റ്റന്റിനെയും ഡ്രൈവറെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച് അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. പി എ ഡാനി പോൾ, ഡ്രൈവർ അഭിജിത് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. തിരുവനനന്തപുരത്തെ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് നടപടികൾ പുരോഗമിക്കുന്നത്.
ഇരുവരുടേയും സാന്നിധ്യത്തിലാണ് കോവളത്ത് വെച്ച് പരാതിക്കാരിയായ യുവതി ആക്രമിക്കപ്പെട്ടതെന്നും ഗസ്റ്റ് ഹൌസുകളിൽ മുറിയെടുത്തപ്പോഴും ഇരുവരുടേയും സാന്നിധ്യമുണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയത്. കോവളത്ത് വെച്ച് യുവതി ആക്രമിക്കപ്പെട്ട സമയത്ത് പിഎക്കും പരിക്കേറ്റിരുന്നുവെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. ഇത് ശരിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എംഎൽഎ തന്നെയാണ് പിഎ ഡാനി പോളിനെയും ആക്രമിച്ചതെന്നാണ് വിവരം. ഇതടക്കം ചോദിച്ചറിയാനാണ് ഇരുവരെയും വിളിച്ചുവരുത്തിയത്.
'തനിക്കെതിരെ സ്വഭാവദൂഷ്യം ആരോപിക്കുന്നയാളെ തുറന്നുകാട്ടും', അപ്പീൽ നല്‍കുമെന്ന് എല്‍ദോസിനെതിരായ പരാതിക്കാരി
മുൻകൂർ ജാമ്യം ലഭിച്ചതോടെയാണ് എൽദോസ് കുന്നപ്പിള്ളി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്. കേസിൽ മുൻകൂർ ജാമ്യം ലഭിച്ചുവെങ്കിലും ഇന്ന് ഒൻപത് മണിക്ക് ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങണമെന്നായിരുന്നു കോടതി നിർദ്ദേശം. രാവിലെ ഹാജരായ എൽദോസ് ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. പാസ്പോർട്ട് കോടതിയിലും ഹാജരാക്കി. ഇന്ന് മുതൽ പത്തു ദിവസം രാവിലെ 9 മണി മുതൽ 7 മണിവരെ എംഎൽഎയെ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. എൽദോസിൻെറ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. ആവശ്യമെങ്കിൽ പീഡിപ്പിച്ചുവെന്ന് പരാതിക്കാരി മൊഴി നൽകിയിട്ടുള്ള സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്.
READ MORE ബലാത്സംഗക്കേസ്, ഒളിവ് ജീവിതം; എൽദോസിനെതിരെയുള്ള നടപടിയെന്ത്? ഇന്ന് കെപിസിസി തീരുമാനം വന്നേക്കും