പരീക്ഷാ തട്ടിപ്പ് നടത്തിയവരെ വീണ്ടും അതേ പരീക്ഷയെഴുതിക്കാൻ ക്രൈംബ്രാഞ്ച്

By Web TeamFirst Published Sep 6, 2019, 6:07 PM IST
Highlights

പൊലീസ് കോണ്‍സ്റ്റബിൾ ബറ്റാലിയനിലേക്ക് നടന്ന പരീക്ഷയില്‍ പ്രതികളായ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് 21-ാം റാങ്കുമായിരുന്നു ലഭിച്ചത്. പരീക്ഷ നടത്താന്‍  അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി.

തിരുവനന്തപുരം:  പിഎസ്‍സി പരീക്ഷാ റാങ്ക് പട്ടികയിൽ ഇടം നേടിയ പ്രതികളെക്കൊണ്ട് വീണ്ടും പരീക്ഷ എഴുതിപ്പിക്കണമെന്ന് ക്രൈംബ്രാഞ്ച്. ചോര്‍ത്തിയ ചോദ്യപേപ്പര്‍ ഉപയോഗിച്ച് വീണ്ടും മാതൃകാ പരീക്ഷ നടത്താനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. പൊലീസ് കോണ്‍സ്റ്റബിൾ ബറ്റാലിയനിലേക്ക് നടന്ന പരീക്ഷയില്‍ പ്രതികളായ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് 21-ാം റാങ്കുമായിരുന്നു ലഭിച്ചത്. പരീക്ഷ നടത്താന്‍  അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി.

പ്രതികള്‍ക്ക് കോപ്പിയടിക്കാന്‍ സഹായം നല്‍കിയെന്ന് അഞ്ചാംപ്രതിയായ പൊലീസുകാരന്‍ ഗോകുല്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. പരീക്ഷ തുടങ്ങിയ ശേഷം ചോദ്യപേപ്പർ ചോര്‍ന്ന് കിട്ടിയെന്നും പിഎസ്‍സി പരിശീലനകേന്ദ്രം നടത്തുന്ന ഒരു സുഹൃത്തിന്‍റെ സഹായത്തോടെ ഉത്തരങ്ങൾ അയച്ചുകൊടുത്തു എന്നുമായിരുന്നു ഗോകുലിന്‍റെ മൊഴി. എന്നാൽ ചോദ്യപേപ്പർ ആരാണ് ചോർത്തി നൽകിയതെന്ന് അറിയില്ലെന്നും ഗോകുല്‍ പറഞ്ഞിരുന്നു.

അന്വേഷണത്തിൽ പ്രതികള്‍ക്ക് രക്ഷപ്പെടാൻ പിഎസ്‍സിയുടെ നടപടികള്‍ കാരണമായെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ വിലയിരുത്തൽ. ക്രമക്കേട് കണ്ടെത്തിയതും പ്രതികള്‍ ഉപയോഗിച്ച മൊബൈലിന്‍റെ വിശദാംശങ്ങള്‍ പിഎസ്‍സി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികള്‍ ഒളിവിൽ പോയതും തെളിവുകള്‍ നശിപ്പിക്കപ്പെടാൻ ഇടയായതുമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിലപാട്. 
 

click me!