
കൊച്ചി: മരടിൽ നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമ്മിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം മുൻ ഇടത് പഞ്ചായത്ത് ഭരണ സമിതിയിലേക്ക്. അംഗങ്ങളോട് നാളെ മുതൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. മരട് പഞ്ചായത്ത് ഭരണസമിതിയുടെ കൂടി പിന്തുണയോടെയാണ് നിയമം ലംഘിച്ചുള്ള നിർമ്മാണ അനുമതികൾ നൽകിയതെന്നാണ് കേസിൽ അറസ്റ്റിലുള്ള മുൻ മരട് സെക്രട്ടറി മുഹമ്മദ് അഷ്റഫ് നൽകിയ മൊഴി.
നിർമ്മാണത്തിന് അനുമതി നൽകിയ കാലത്തെ പല രേഖകളും പിന്നീട് പഞ്ചായത്തിൽ നിന്ന് അപ്രത്യക്ഷമായെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. പഞ്ചായത്ത് മിനിറ്റ്‍സിലും തിരുത്തൽ വരുത്തിയെന്ന ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് ഭരണ സമിതിയിലേക്കും അന്വേഷണം വ്യപിപ്പിച്ചത്. 2006 ൽ മരട് പഞ്ചായത്ത് അംഗങ്ങളായിരുന്ന പി കെ രാജു, എം ഭാസ്കരൻ എന്നിവരോടാണ് നാളെ ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുള്ളത്.
മിനുറ്റ്സ് തിരുത്തിയതിലടക്കം സിപിഎം ഏരിയാ കമ്മിറ്റി അംഗം കൂടിയായ മുൻ പഞ്ചായത്ത് പ്രസിഡന്‍റ് കെ എ ദേവസിക്കെതിരെയും ആരോപണമുണ്ട്. ഇതിനിടെ ഫ്ലാറ്റ് കേസിൽ ക്രൈംബ്രാഞ്ച് തിരയുന്ന ഒന്നാം പ്രതിയും ജെയിൻ കോറൽ കോവ് ഉടമയുമായ സന്ദീപ് മേത്തയ്ക്ക് മദ്രാസ് ഹൈക്കോടതി അന്തർ സംസ്ഥാന ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. നവംബർ 18 വരെയാണ് അറസ്റ്റ് തടഞ്ഞിട്ടുള്ളത്. ക്രൈംബ്രാഞ്ച് വാദങ്ങൾ കേൾക്കാതെയാണ് ഇടക്കാല ജാമ്യം നൽകിയത്.
കോടതി തീരുമാനത്തിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. കേസില്‍ ക്രൈംബ്രാഞ്ച് ഹാജരാകാൻ ആവശ്യപ്പെട്ട ആൽഫ വെഞ്ചേഴ്സ് ഉടമ ജെ പോൾ രാജിന്‍റെ മുൻകൂർ ജാമ്യ ഹർജി എറണാകുളം ജില്ലാ കോടതി തള്ളി. ക്രൈംബ്രാഞ്ച് കസ്റ്റിഡിയിലുള്ള മൂന്ന് പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഇതിനിടെ 86 ഫ്ലാറ്റ് ഉടമകള്‍ ഇതുവരെ നഷ്ടപരിഹാരത്തിന് സമീപിച്ചില്ലെന്ന് ജസ്റ്റിസ് കെ ബാലകൃഷ്നൻ നായർ കമ്മിറ്റി അറിയിച്ചു. ഇന്ന് 34 പേർക്കാണ് നഷ്ടപരാഹാരത്തിന് ശുപാർശ ചെയ്തത്. 325 ഫ്ളാറ്റുകളിൽ 239 അപേക്ഷകളാണ് ഇതുവരെ കമ്മിറ്റിക്ക് ലഭിച്ചിട്ടുള്ളത്. ഇതിൽ 141പേർക്ക് ധനസഹായത്തിന് ശുപാർശ നൽകിക്കഴിഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam