
കൊച്ചി: കൊച്ചിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശിയെ കാപ്പ നിയമം പ്രകാരം വീണ്ടും കരുതൽ തടങ്കലിലടച്ചു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ രാധാകൃഷ്ണനെയാണ് (55) എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന് വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിലും സമീപ സ്റ്റേഷനുകളിലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാധാകൃഷ്ണൻ. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ പൊതുജനങ്ങളെ ഭീഷണിപ്പെടുത്തി പണം അപഹരിക്കുക, അടിപിടി, മോഷണം തുടങ്ങി 11 ഓളം കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്. ഇതിൽ അഞ്ചോളം കേസുകളിൽ ശിക്ഷിക്കപ്പെടുകയും തടവുശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
ഇയാൾക്കെതിരെ മുൻപും കാപ്പ ചുമത്തിയിരുന്നു. 2025 മെയ് 30-ന് ആറ് മാസത്തെ കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്ന പ്രതി, കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷവും കുറ്റകൃത്യങ്ങൾ തുടർന്നു. 2026 ഫെബ്രുവരിയിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഇരിക്കുകയായിരുന്ന ആളുടെ മാല പൊട്ടിച്ച കേസിൽ വീണ്ടും അറസ്റ്റിലായി ജയിലിൽ കഴിയുകയായിരുന്നു. ജയിലിൽ കിടക്കവെയാണ് ഇയാൾക്കെതിരെ വീണ്ടും ശക്തമായ കാപ്പ നിയമപ്രകാരമുള്ള നടപടികളിലേക്ക് പോലീസ് കടന്നത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിജോ എം.ജെ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഷഹൻഷാ ഐ.പി.എസ് നൽകിയ ശുപാർശയിലാണ് ജില്ലാ കളക്ടർ കരുതൽ തടങ്കലിന് ഉത്തരവിട്ടത്.
തുടർന്ന് സെൻട്രൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുധീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘംഇന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. കൊച്ചി നഗരത്തിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ഇത്തരത്തിൽ ശക്തമായ നടപടികൾ തുടരുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ.പി.എസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam