പ്ലസ്‍ടുവിന് നൂറിൽ നൂറ്, കാര്യമില്ല; ഗ്രേസ് മാർക്ക് ഉണ്ടെങ്കിലേ ഡിഗ്രിക്ക് പ്രവേശനമുള്ളൂ

By Web TeamFirst Published Aug 22, 2021, 11:06 AM IST
Highlights

ഉദാരമായ പരീക്ഷ രീതിയില്‍ എ പ്ളസ് നേടിയവരുടെ എണ്ണം കുത്തനെ കൂടിയതോടെയാണ് ഈ പ്രതിസന്ധി. പ്ലസ്‍ടുവിന് മുഴുവൻ മാർക്കിനൊപ്പം ഗ്രേസ് മാർക്ക് കൂടി ഉണ്ടെങ്കിലേ ബിരുദപ്രവേശനം ഉറപ്പിക്കാനാകൂ എന്ന സ്ഥിതിയാണ്

കോഴിക്കോട്: പ്ലസ്‍ടുവിന് നൂറില്‍ നൂറ് മാര്‍ക്ക് കിട്ടിയവര്‍ക്ക് പോലും ഇക്കുറി ബിരുദ പ്രവേശനം വെല്ലുവിളിയാകുന്നു. പ്ലസ്‍ടു മാര്‍ക്കിനൊപ്പം ഗ്രേസ് മാര്‍ക്ക് കൂടി ഉണ്ടെങ്കിലേ ഇഷ്ടപ്പെട്ട കോളജുകളില്‍ ഇഷ്ടപ്പെട്ട കോഴ്സ് ഉറപ്പാക്കാനാകൂ. ഉദാരമായ പരീക്ഷ രീതിയില്‍ എ പ്ളസ് നേടിയവരുടെ എണ്ണം കുത്തനെ കൂടിയതോടെയാണ് ഈ പ്രതിസന്ധി.

കോഴിക്കോട് ഫാറൂഖ് കോളേജില്‍ ബിരുദ പ്രവേശനത്തിനായി അപേക്ഷിച്ച ഒരു വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് വിവരങ്ങൾ പരിശോധിക്കാം. എല്ലാ വിഷയങ്ങള്‍ക്കും നൂറ് ശതമാനം. സയന്‍സ് വിഷയങ്ങള്‍ക്കായി അപേക്ഷിച്ച ഈ വിദ്യാര്‍ത്ഥി വെയിറ്റിങ്ങ് ലിസ്റ്റിലാണ്. നൂറ് ശതമാനം മാര്‍ക്ക് പ്ലസ്ടുവിന് നേടിയിട്ടും ബിരുദ പ്രവേശനം അനിശ്ചിതത്വത്തിലാ അവസ്ഥ. ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥ. പ്ളസ്ടുവിന് മുഴുവൻ മാര്‍ക്കിനൊപ്പം ഗ്രേസ് മാര്‍ക്ക് കൂടി ഉണ്ടെങ്കിലേ ബിരുദ പ്രവേശനം ഉറപ്പിക്കാനാവൂ എന്ന സാഹചര്യമാണ് നിലവില്‍ സംസ്ഥാനത്ത് ഉള്ളത്.

മിക്കവാറും കോളേജുകളില്‍ ആദ്യ അലോട്ട്മെന്‍റ് പൂര്‍ത്തിയാവുമ്പോള്‍ ഉള്ള അവസ്ഥയാണിത്. ഇത്തവണ 87.94 ശതമാനമാണ് പ്ലസ്ടു വിജയ ശതമാനം. മുന്‍ വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍. 48,383 പേരാണ് മുഴുവൻ എ പ്ലസ് നേടിയത്. ഉദാരമായ പരീക്ഷ രീതിയില്‍ 1200 ല്‍ 1200 മാര്‍ക്ക് നേടിയവര്‍ ഇത്തവണ വളരെ കൂടി. ഇതോടെയാണ് ബിരുദ പ്രവേശനത്തില്‍ ഇഷ്ടവിഷയങ്ങള്‍ കിട്ടാതെ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലായത്. പ്ലസ്‍വണ്‍ പ്രവേശനത്തിലും സമാന പ്രശ്നം ഉയരുമെന്ന ആശങ്കയുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!