കെഎസ്ഇബിയിൽ പ്രതിസന്ധി; ഓവര്‍സിയര്‍ ഒഴിവുകള്‍ നികത്താനാകുന്നില്ല, കേന്ദ്ര മാനദണ്ഡം തടസം, കേസ് ഹൈക്കോടതിയിൽ

By Web TeamFirst Published Jun 21, 2020, 4:55 PM IST
Highlights

വൈദ്യുതി ബോര്‍ഡിലെ ആയിരത്തിരലേറെ  ജിവനക്കാരുടെ, ജോലിയും സ്ഥാനക്കയറ്റവും സംബന്ധിച്ച  അനിശ്ചിതത്വം തുടരുന്നു. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ സുരക്ഷാ മാനദണ്ഡം  നടപ്പാക്കുന്നതിലെ നിയമപോരാട്ടം നീണ്ടതോടെയാണിത്

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിലെ ആയിരത്തിരലേറെ  ജിവനക്കാരുടെ, ജോലിയും സ്ഥാനക്കയറ്റവും സംബന്ധിച്ച  അനിശ്ചിതത്വം തുടരുന്നു. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ സുരക്ഷാ മാനദണ്ഡം  നടപ്പാക്കുന്നതിലെ നിയമപോരാട്ടം നീണ്ടതോടെയാണിത്. പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ട്രേഡ് യൂണിയന്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

കെഎസ്ഇബിയില്‍ വര്‍ക്കര്‍ ആയി നിയമനം നേടിയവര്‍  സ്ഥാനക്കയറ്റം ലഭിച്ച് ഓവര്‍സിയര്‍, അസി. എഞ്ചിനീയര്‍ തസ്തികവരെ എത്തുന്ന സ്ഥിതിയുണ്ടായിരുന്നു. ഏഴാം ക്ളാസ്സ് ജയമാണ് വര്‍ക്കര്‍ തസ്തികയിലെ യോഗ്യത. 

2010ല്‍ കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ സുരക്ഷാ മാനദണ്ഡം നിലവില്‍ വന്നു. വര്‍ക്കര്‍ നിയമനത്തിന്  ഐടിഐ യോഗ്യത വേണം. ഈ യോഗ്യത ഉള്ളവര്‍ക്ക മാത്രമേ ലൈന്‍മാന്‍, ഓവര്‍സിയര്‍ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം കിട്ടുകയുള്ളൂ എന്നതായിരുന്നു അത്.

പുതിയതായി ജോലിക്ക് കയറുന്നവര്‍ക്ക് മാത്രം കേന്ദ്ര ചട്ടം ബാധകമാക്കിയാല്‍ മതിയെന്ന് കെഎസ്ഇബി തീരുമാനിച്ചെങ്കിലും , ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഇത് തള്ളി. ഇതിനെതിരായ അപ്പീൽ ഡിവിഷന്‍ ബഞ്ചിലാണ്. നിയമ നടപടികള്‍ വര്‍ഷങ്ങള്‍ നീണ്ടതോടെ സ്ഥാനക്കയറ്റ നടപടികള്‍ മുടങ്ങിയിരിക്കുകയാണ്.

നിലവില്‍ ആയിരത്തിലധികം ഓവര്‍സീയര്‍മാരുടേയും  നാനൂറോളം സബ് എ‍ഡ്ചിനീയര്‍മാരുടേയും  ഒഴിവുകള്‍ നികത്താനാകാത്ത സ്ഥിതിയാണ്. വൈദ്യുതി ശൃംഖലയിലെ മേല്‍നോട്ട ജോലി ചെയ്യേണ്ടവരുടെ ഗണ്യമായ കുറവ് കെഎസ്ഇബിക്ക് വലിയ പ്രതിസൻധിയാവുകയാണ്. കോടതി വിധി എതിരായാല്‍ നിലവിലുള്ള ഒന്‍പതിനായിരത്തോളം ജീവനക്കാര്‍ സ്ഥനക്കയറ്റമില്ലാതെ വിരമിക്കണ്ട സ്ഥിതിയുണ്ടാകും.

click me!