രാജിവയ്ക്കേണ്ടെന്ന് പറഞ്ഞത് എഎ റഹീം മാത്രം; എംസി ജോസഫൈനെ ന്യായീകരിച്ച് വെട്ടിലായി ഡിവൈഎഫ്ഐ

By Web TeamFirst Published Jun 25, 2021, 2:34 PM IST
Highlights

ന്യായീകരണ ക്യാപ്സ്യൂൾ ഇറക്കിയവര്‍ നാണം കെട്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പരിഹാസം 

തിരുവനന്തപുരം: വിവാദ പ്രസ്താവനയിൽ കുരുങ്ങി എം സി ജോസഫൈന്‍റെ വനിതാ കമ്മീഷ അധ്യക്ഷ പദവി തെറിച്ചപ്പോൾ വെട്ടിലായത് ഡിവൈഎഫ്ഐ. സ്വകാര്യ ചാനൽ നടത്തിയ തത്സമയ പരിപാടിയിലേക്ക് വിളിച്ച സ്ത്രീയോട് കമ്മീഷൻ അധ്യക്ഷയുടെ മോശം പെരുമാറ്റത്തിനെതിരെ വലിയ വിവാദം ഉയര്‍ന്നപ്പോൾ അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തിയത് ഡിവൈഎഫ്ഐ മാത്രം ആയിരുന്നു. വിവാദ പരാമര്‍ശത്തിൽ എം സി ജോസഫൈൻ ഖേദം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതോടെ ആ വിവാദം അവസാനിച്ചെന്നും ആയിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്‍റെ നിലപാട്. 

ജോസഫൈനെ എതിര്‍ത്തോ ന്യായീകരിച്ചോ സിപിഎം രംഗത്തെത്തിയിരുന്നില്ല. വിവാദത്തിൽ പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം ചേരുന്നത് വരെ മൗനം പാലിച്ചു. മോശമായി പെരുമാറിയെങ്കിൽ മാപ്പ് പറയണമെന്നും അത്തരം പെരുമാറ്റങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്നും പി കെ ശ്രീമതി അടക്കം നിലപാട് എടുത്തിരുന്നു. ഇടത് സഹാത്രികരും മുന്നണിയിലെ തന്നെ ഇടത് യുവജന സംഘടനകളും എല്ലാം ജോസഫൈൻ രാജി വക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഡിവൈഎഫ്ഐ മാത്രം വ്യത്യസ്ത നിലപാട് എടുത്തതെന്നുള്ളതും ശ്രദ്ധേയമാണ്. 

വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന മുതിര്‍ന്ന നേതാവിന് പിന്തുണ നൽകുക എന്ന പൊതു ധാരണയുടെ അടിസ്ഥാനത്തിലാണ് ഡിവൈഎഫ്ഐ അധ്യക്ഷന്‍റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായതെങ്കിലും സെക്രട്ടേറിയറ്റ് യോഗത്തിൽ അതിരൂക്ഷമായ വിമര്‍ശനം ജോസഫൈനെതിരെ ഉയരുകയും അവരുടെ രാജി ചോദിച്ച് വാങ്ങുകയും ചെയ്തതോടെ ഡിവൈഎഫ്ഐ പ്രതിരോധത്തിലായി. 

ന്യായീകരണ ക്യാപ്സ്യൂൾ ഇറക്കിയവര്‍ നാണം കെട്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പരിഹാസം 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!