
തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതിക്കെതിരെ നിയമസഭ പാസ്സാക്കിയ പ്രമേയം വെറും സന്ദേശം മാത്രമാണെന്ന കെപിസിസി പ്രസിഡന്‍റിന്‍റെ പ്രസ്താവനയിൽ കോൺഗ്രസ്സിൽ അമർഷം. പ്രതിപക്ഷനേതാവ് മുന്നോട്ട് വെച്ച പ്രമേയമെന്ന ആശയത്തെ പാർട്ടി അധ്യക്ഷൻ ചോദ്യം ചെയ്യുന്നതിലാണ് എ-ഐ ഗ്രൂപ്പുകളുടെ വിമർശനം. ചർച്ചകൾ സജീവമാകുന്നതിനിടെ പ്രമേയത്തിന് ഒരു നിയമസാധുതയും ഇല്ലെന്ന് മുല്ലപ്പള്ളി ഇന്നും ആവർത്തിച്ചു. സർക്കാരുമായി ചേർന്നുള്ള സംയുക്തസമരത്തെ എതിർത്തതിന് പിന്നാലെയാണ് നിയമസഭാ പാസ്സാക്കിയ പ്രമേയത്തിന്‍റെ സാധുത മുല്ലപ്പള്ളി തുടർച്ചയായി ചോദ്യംചെയ്യുന്നത്.
പ്രമേയം പാസ്സാക്കാമെന്ന് പറയുന്നുണ്ടെങ്കിലും അത് വെറും സന്ദേശം മാത്രമാണെന്ന മുല്ലപ്പള്ളിയുടെ വിശദീകരണത്തിലാണ് പാർട്ടിയിലെ വിമർശകർക്ക് അമർഷം. നിയമസാധുത ചോദ്യം ചെയ്ത ഗവർണ്ണറുടെ വാദങ്ങൾക്ക് സമാനമായ നിലപാട് കെപിസിസി അധ്യക്ഷനും ഉന്നയിക്കുന്നുവെന്നാണ് കുറ്റപ്പെടുത്തൽ. സംയുക്തസമരത്തിനൊപ്പം പ്രമേയമെന്ന ആശയവും മുന്നോട്ട് വെച്ചത് പ്രതിപക്ഷനേതാവായിരുന്നു. ചെന്നിത്തലെയെയും പ്രതിപക്ഷത്തെയും വീണ്ടും മുല്ലപ്പള്ളിയുടെ നിലപാട് വെട്ടിലാക്കുമ്പോൾ ബിജെപിക്കൊപ്പം സിപിഎമ്മും അത് ആയുധമാക്കും.
എന്നാൽ നിയമസഭാ പ്രമേയം അടക്കം ഉന്നയിച്ച് പത്രപരസ്യം നൽകി മുഖ്യമന്ത്രി സംയുക്തസമരങ്ങളുടെ നേട്ടം കൊണ്ടുപോകുന്നതിലെ എതിർപ്പാണ് ചൂണ്ടിക്കാട്ടിയതെന്നാണ് മുല്ലപ്പള്ളിയെ അനുകൂലിക്കുന്നവരുടെ വിശദീകരണം. സിപിഎം തന്നെ കടന്നാക്രമിക്കുമ്പോൾ പാർട്ടി നിരയിൽ നിന്നും വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്ന ആക്ഷേപം മുല്ലപ്പള്ളിക്കുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam