
തിരുവനന്തപുരം: രത്തൻ ഖേൽക്കർ ഐഎഎസിനെ മുഖ്യമന്ത്രി വി ഡി സതീശന്‍റെ സെക്രട്ടറിയായി തീരുമാനിച്ചതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ സിപിഎം, ബിജെപി വിമർശനം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ ഖേൽക്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി തീരുമാനിച്ചതിന് എതിരെയാണ് വിമർശനം. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. 2024 ഡിസംബർ നാലിനാണ് രത്തൻ ഖേൽക്കർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ചുമതലയേറ്റത്.
"ബംഗാളിൽ ബി ജെ പി ചെയ്താൽ വോട്ടു ചോരിക്കുള്ള സമ്മാനം. കേരളത്തിൽ ശ്രീ വി. ഡി. സതീശൻ ചെയ്താൽ ജനാധിപത്യത്തിന്റെ സൗന്ദര്യം. രാഹുലും കമ്പനിയും ഭൂലോക ഇരട്ടത്താപ്പ് സംഘം"- എന്നാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍റെ പ്രതികരണം. 'വലിയ കൊള്ളയ്ക്ക് വലിയ പ്രതിഫലം' എന്നാണ് പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് ഓഫീസർ ആയിരുന്ന മനോജ് അഗർവാളിനെ സുവേന്ദു സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ചീഫ് സെക്രട്ടറിയായി നിയമിച്ചപ്പോൾ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചത്. കേരളത്തിന്റെ ഇലക്ഷൻ ഓഫീസറായിരുന്ന രത്തൻ ഖേൽക്കറിനെ കോണ്‍ഗ്രസ് അധികാരത്തിൽ വന്നതിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശൻ സെക്രട്ടറിയായി നിയമിക്കുന്നതിനെതിരെ ആണ് സിപിഎം, ബിജെപി അനുകൂലികൾ വിമർശനം ഉന്നയിക്കുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾക്കയച്ച കത്തിൽ ഇലക്ഷൻ കമ്മീഷന്‍റെ സീലിന് പകരം ബിജെപിയുടെ സീൽ വന്നതോടെ കോണ്‍ഗ്രസ് വലിയ വിമർശനം ഉയർത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയും സാമൂഹിക മാധ്യമങ്ങളിൽ ആരോപണങ്ങൾ ഉയരുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam