പിണറായി മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് മകളുടെ കമ്പനിയിലേക്ക് കോടികൾ പ്രവഹിച്ചത്, മാറിനിൽക്കണമെന്ന് വിഡി സതീശൻ

Published : Feb 18, 2024, 08:23 PM ISTUpdated : Feb 18, 2024, 09:17 PM IST
പിണറായി മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് മകളുടെ കമ്പനിയിലേക്ക് കോടികൾ പ്രവഹിച്ചത്, മാറിനിൽക്കണമെന്ന് വിഡി സതീശൻ

Synopsis

മാസപ്പടി വിവാദം ഉണ്ടാകുന്നതിന് മുന്‍പ് 2021 ഒക്ടോബര്‍ ഒന്നിന് കര്‍ണാടകത്തിലെ രജിസ്ട്രാര്‍ ഓഫ് കമ്പനി എക്‌സാലോജിക്കിനോട് വിശദീകരണം ചോദിച്ചിരുന്നതായി വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം സമരാഗ്നിയുടെ ഭാഗമായി തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍  പറഞ്ഞു.

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് അഴിമതി സര്‍ക്കാരാണെന്ന യു ഡി എഫ് വാദമുഖങ്ങള്‍ ശരിവയ്ക്കുന്ന സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടരാമെന്ന് കാട്ടിയുള്ള കാര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ ഇരുപതാം പേജില്‍, മാസപ്പടി വിവാദം ഉണ്ടാകുന്നതിന് മുന്‍പ് 2021 ഒക്ടോബര്‍ ഒന്നിന് കര്‍ണാടകത്തിലെ രജിസ്ട്രാര്‍ ഓഫ് കമ്പനി എക്‌സാലോജിക്കിനോട് വിശദീകരണം ചോദിച്ചിരുന്നതായി വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം സമരാഗ്നിയുടെ ഭാഗമായി തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍  പറഞ്ഞു.

എക്‌സാലോജിക് കമ്പനിയിലേക്ക് വിവിധ ചാരിറ്റബില്‍ സ്ഥാപനങ്ങളും കമ്പനികളും എല്ലാ മാസവും പണം അയയ്ക്കാറുണ്ടായിരുന്നെന്നും  ആരാണ് പണം അയച്ചതെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട രജിസ്ട്രാര്‍ ഓഫ് കമ്പനീസ് എക്‌സാലോജികിന് കത്ത് നല്‍കിയിട്ടുണ്ടെന്നും വിധിയിലുണ്ട്. സി.എം.ആര്‍.എല്‍ മാത്രമല്ല മറ്റു പല സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ എല്ലാ മാസവും പണം അയച്ചിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് വിധിയിലുള്ളത്. ഒരു സര്‍വീസും നല്‍കാതെ ഈ കമ്പനിയിലേക്ക് എങ്ങനെയാണ് പണം എത്തുന്നത്. ഇതേക്കുറിച്ച് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണം. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോഴാണ് മകളുടെ ഷെല്‍ കമ്പനിയിലേക്ക് കോടിക്കണക്കിന് രൂപ പ്രവഹിക്കുന്നത്. ഒരു നിമിഷം പോലും പിണറായി വിജയന് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ അര്‍ഹതയില്ല. അന്വേഷണം അവസാനിക്കുന്നതു വരെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നത്. 

ഷെല്‍ കമ്പനി ആണെന്നും മാസപ്പടി കിട്ടിയിട്ടുണ്ടെന്നുമുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് കോടതി വിധി. മാസപ്പടി വിവാദം വിവാദമാകുന്നതിന് മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഏതെങ്കിലും കേന്ദ്ര ഏജന്‍സികള്‍ എക്‌സാലോജിക്കിനെ കുറിച്ച് അന്വേഷണം നടത്തിയോ എന്ന് വ്യക്തമാക്കണമെന്ന് ചോദിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി മിണ്ടിയില്ല. അന്ന് ഞങ്ങള്‍ക്ക് ചില സൂചനകള്‍ മാത്രം ലഭിച്ചതു കൊണ്ടാണ് അങ്ങനെ ചോദിച്ചത്. കര്‍ണാടക ഹൈക്കോടതി വിധി വന്നതോടെ എക്‌സാലോജിക്കിനെ കുറിച്ച് അന്വേഷണം ഉണ്ടായിരുന്നു എന്നാണ് വ്യക്തമാകുന്നത്. സ്വര്‍ണക്കള്ളക്കടത്തിലും ലൈഫ് മിഷനിലും കെ ഫോണിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലും ഉള്‍പ്പെടെ എല്ലായിടത്തും അഴിമതിയാണ്. കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന അഴിമതിക്കാരാണ് കേരള സര്‍ക്കാരെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. 

എട്ട് മാസത്തേക്കാണ് എസ്.എഫ്.ഐ.ഒ അന്വേഷണം. എന്തിനാണ് അന്വേഷണം നടത്തുന്നതെന്ന് ആര്‍ക്കും അറിയില്ല. ഇന്‍കം ടാക്‌സ് ഇന്ററീം ബോര്‍ഡിന്റെയും രജിസ്ട്രാര്‍ ഓഫ് കമ്പനിയും ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടും എന്തിനാണ് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ എട്ട് മാസം? ചര്‍ച്ചകള്‍ക്കും നെഗോസ്യേഷനും വേണ്ടിയാണ് എട്ട് മാസമാക്കിയിരിക്കുന്നതെന്നാണ് ഞങ്ങള്‍ സംശയിക്കുന്നത്. ലാവലിന്‍ കേസ് 39 തവണയും മാറ്റി വച്ചു. ലൈഫ് മിഷന്‍ കോഴക്കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ പോയിട്ടും മിഷന്‍ ചെയര്‍മാനായ മുഖ്യമന്ത്രിയുടെ മൊഴി പോലും എടുത്തില്ല. ചെയര്‍മാന്‍ അറിയാതെയാണ് 20 കോടിയില്‍ ഒന്‍പതര കോടിയും കമ്മീഷനായി തട്ടിയെടുത്തത്. 2021-ല്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് എക്‌സാലോജിക്കിന് കത്തയച്ചിട്ടും കേന്ദ്ര ഏജന്‍സികള്‍ അതിന് മുകളില്‍ അടയിരിക്കുകയായിരുന്നു. വിവാദമായപ്പോഴാണ് അന്വേഷണം തുടങ്ങിയത്.  ഇന്ത്യ മുന്നണിയെ പൊളിക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കുന്നുണ്ട്. എന്നിട്ടും കേരളത്തില്‍ ഒരു അന്വേഷണവുമില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിക്കാരനാണെന്ന് തെളിയിക്കപ്പെട്ടാല്‍ എല്‍.ഡി.എഫ് തകരും. തകരുമ്പോള്‍ യു.ഡി.എഫും കോണ്‍ഗ്രസുമായിരിക്കും ഗുണഭോക്താക്കള്‍. അതുകൊണ്ടാണ് സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ സന്ധി ചെയ്യുന്നത്. 

മകളുടെ കമ്പനിയിലേക്ക് ഏതൊക്കെ സ്ഥാപനങ്ങളില്‍ നിന്നും എത്ര പണം വന്നിട്ടുണ്ടെന്ന് ജനങ്ങളോട് പറയാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ മകളുടെ കമ്പനിക്ക് പറയാനുള്ളത് കേട്ടില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. പിന്നീട് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ട് വന്നപ്പോള്‍ അത് കള്ളമാണെന്ന് വ്യക്തമായി. സി.എം.ആര്‍.എല്ലും എക്‌സാലോജിക്കും തമ്മിലുണ്ടാക്കിയതിന്റെ രേഖകള്‍ പോലും ഹാജരാക്കിയിട്ടില്ല. അവസരം കിട്ടിയിട്ടും ഒന്നും ഹാജരാക്കാനായില്ല. 

കരുവന്നൂര്‍ അഴിമതിയില്‍ സി.പി.എം നേതാക്കള്‍ക്ക് പങ്കുണ്ടെന്നതിന് തെളിവ് പുറത്ത് വന്നിട്ടും ഏതെങ്കിലും നേതാക്കളെ ഇ.ഡി അറസ്റ്റു ചെയ്‌തോ? തൃശൂരിലെ സി.പി.എം നേതാക്കളുടെ തലയില്‍ ഡെമോക്ലീസിന്റെ വാള്‍ പോലെ ഇ.ഡി അന്വേഷണം നില്‍ക്കുകയാണ്. ഇതിനിടയിലാണ് പ്രധാനമന്ത്രി രണ്ട് തവണ തൃശൂരില്‍ വന്നതും ബി.ജെ.പിയെ ജയിപ്പിക്കണമെന്നും പറഞ്ഞത്. കരുവന്നൂരിലെ ഇ.ഡി അന്വേഷണം തൃശൂരില്‍ അന്തര്‍ധാരയായി മാറുമോയെന്ന് ഞങ്ങള്‍ സൂഷ്മമായി നിരീക്ഷിക്കുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘപരിവാറും സി.പി.എമ്മും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കാനുള്ള ഇടനിലക്കാരുണ്ടെന്ന് യു ഡി എഫ് നേരത്തെ തന്നെ ആരോപിച്ചതാണ്. 

'വയനാട്ടിലെ ജനങ്ങളുടെ ആശങ്ക അടിയന്തരമായി പരിഹരിക്കണം, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം'; പ്രതിപക്ഷ നേതാവ്

കുഴല്‍പ്പണ കേസില്‍ പൊലീസ് ബി.ജെ.പി അധ്യക്ഷനെ പൂര്‍ണമായും ഒഴിവാക്കി. ഫോണ്‍ സംഭാഷണം ഉള്‍പ്പെടെയുള്ള തെളിവുകളുണ്ടായിരുന്നെന്ന് പൊലീസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭയില്‍ ഉള്‍പ്പെടെ ഇക്കാര്യം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി മിണ്ടിയില്ല. കേരള പൊലീസ് കേസെടുക്കാത്ത സാഹചര്യത്തില്‍ ഇ.ഡി സുരേന്ദ്രനെതിരെ കേസെടുക്കുമെന്ന് വിശ്വസിക്കാനാകില്ല. എഫ് സി ഐ ഗോഡൗണിലെ അരി തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് റേഷന്‍ കടയിലൂടെ വില്‍ക്കുന്നതും മോദിയുടെ പടം വച്ച് സെല്‍ഫി കോര്‍ണര്‍ ഉണ്ടാക്കണമെന്നും പറയുന്നത് അല്‍പത്തരമാണ്. തെരഞ്ഞെടുപ്പിന് മുന്‍പുള്ള നമ്പറാണ് ഇതെന്ന് മനസിലാക്കാനുള്ള ബോധം ജനങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്വതന്ത്രന് 65 വോട്ട്, ബിജെപിക്ക് 8; മണ്ണാർക്കാട് നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കിട്ടിയത് ഒരു വോട്ട് മാത്രം
'കളയേണ്ടത് കളഞ്ഞപ്പോൾ കിട്ടേണ്ടത് കിട്ടി': ഒളിയമ്പുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് സജന, പോസ്റ്റിനു താഴെ അസഭ്യവർഷം