
തിരുവനന്തപുരം : തിരുവനന്തപുരത്ത് കോടികള്‍ വിലമതിക്കുന്ന 52 സെന്‍റ് ഭൂമി തട്ടിയെടുക്കാൻ ലക്ഷ്യമിട്ട് മുട്ടത്തറ വില്ലേജ് ഓഫീസിൽ തണ്ടപ്പേര്‍ തട്ടിപ്പ്. ഭൂമാഫിയയെ സഹായിക്കാൻ തണ്ടപ്പേര്‍ റജിസ്റ്ററിൽ നിന്ന് പേജ് കീറി മാറ്റി. വസ്തുവിന്‍റെ ലൊക്കേഷൻ സ്കെച്ച് അടുത്ത സ്ഥലത്തിന്‍റെ ഉടമയ്ക്ക് നൽകിയ റവന്യു ഉദ്യോഗസ്ഥര്‍, യഥാര്‍ത്ഥ സ്ഥലം ഉടമയിൽ നിന്ന് 10 വര്‍ഷമായി കരം വാങ്ങുന്നുമില്ല.
മുട്ടത്തറയിൽ ശ്രീവരാഹത്ത് ദേശീയ പാതയോട് ചേര്‍ന്ന് കിടക്കുന്ന കണ്ണായ സ്ഥലം രാജ്യഭരണ കാലം മുതൽ മാങ്കീഴ് തറവാടിന്റെ കുടുംബ സ്വത്താണ്. ഭൂമിയിലെ എട്ട് കെട്ട് പൊളിച്ച് മാറ്റി സ്ഥലം വീതം വച്ചു. അതിൽ ഒരു ഓഹരി കിട്ടിയ ശങ്കരൻ കുട്ടി 2014 ൽ മുട്ടത്തറ വില്ലേജിൽ കരം അടയ്ക്കാൻ പോയപ്പോള്‍ ഞെട്ടി. സ്വന്തം ഭൂമിയുടെ തണ്ടപ്പേര്‍ എഴുതിയ പേജ് വില്ലേജ് റജിസ്റ്ററിൽ ഇല്ല. ആ പേജ് മാത്രമായി കീറിമാറ്റിയിരിക്കുകയാണ്.
സമീപത്ത് നിലം ഉള്‍പ്പെടുന്ന 60 സെന്‍റുണ്ട്. പ്ലോട്ടുകളായി മുറിച്ചു വിറ്റ ഈ ഭൂമിയിൽ ഇപ്പോള്‍ വീടുകളാണ്. ഈ പ്ലോട്ടിനായി വില്ലേജ് നൽകിയ ലൊക്കേഷൻ സ്കെച്ച് ശങ്കരൻകുട്ടിയ അടക്കമുള്ളവര്‍ക്ക് അവകാശപ്പെട്ട 52 സെന്‍റിന്‍റേതെന്ന് റവന്യു രേഖകളിലും വ്യക്തം. ഇതിനിടക്ക് ചുറ്റുമതിൽ പൊളിച്ച് സ്ഥലം കയ്യേറാനും ശ്രമമുണ്ടായി. പൊലീസിൽ നിന്ന് പോലും പ്രതീക്ഷിച്ച നീതി കിട്ടിയില്ലെന്നും പരാതിയുണ്ട്.
തണ്ടപേര്‍ രജിസ്റ്ററിലെ പേജ് കീറിമാറ്റിയതിന് ദൃക്സാക്ഷിയുണ്ട്. തട്ടിപ്പ് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തണ്ടപ്പേര്‍ രജിസ്റ്ററിലെ കീറിമാറ്റിയ പേജ് പുനസ്ഥാപിക്കണമെന്നും ക്രമക്കേടിൽ ക്രിമിനൽ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ശുപാര്‍ശയുണ്ട്. പക്ഷെ സ്വന്തം സ്ഥലത്തിന്‍റെ അവകാശം കിട്ടാൻ വര്‍ഷങ്ങളായി വില്ലേജ് ഓഫീസ് കയറി ഇറങ്ങുന്നതല്ലാതെ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.