കാക്ക കൊത്തിപ്പറന്നത് നെയ്യപ്പമല്ല, ഷെർലിയുടെ മൂന്നര പവന്‍റെ സ്വര്‍ണ മാല; വടിയും കല്ലുമെടുത്ത് പിന്നാലെ നാട്ടുകാർ, എറിഞ്ഞുവീഴ്ത്തി

Published : Aug 14, 2025, 11:11 AM IST
crow snatched gold chain

Synopsis

മാല ചൂലിൽ കുടുങ്ങിയപ്പോൾ ഊരിവെച്ചതാണ്. കണ്ണുതെറ്റിയപ്പോൾ കാക്ക മാലയും കൊത്തി പറന്നു. നാട്ടുകാർ പിന്തുടർന്ന് കാക്കയെ എറിഞ്ഞപ്പോൾ മാല തിരിച്ചുകിട്ടി.

തൃശൂർ: മുറ്റമടിക്കുമ്പോൾ ചൂലിൽ കുടുങ്ങിയ മാല ഊരിവെച്ച് ബാക്കി മുറ്റമടിക്കാൻ ഇറങ്ങിയതാണ് ഷെർലി. കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ഊരി വെച്ച മാല കവർന്നത്. അതും പറന്നുവന്ന്. മോഷ്ടാവ് ആരാണെന്ന് അറിഞ്ഞാലാണ് രസകരം, ഒരു കാക്കയാണ് ഇവിടെ പ്രതി. തൃശൂർ മതിലകത്ത് ആണ് കാക്ക പ്രതിയായ മാല മോഷണം നടന്നത്. ടൊവിനോയുടെ സിനിമയായ എആർഎമ്മിൽ കാക്കയെ കൊണ്ട് താക്കോൽ മോഷ്ടിക്കുന്നുണ്ട്. ഇനി അങ്ങനെ വല്ല മോഷണവും ആണെന്ന് സംശയിക്കേണ്ട. സംഭവമിങ്ങനെയാണ്...

മതിലകം കുടുക്കവളവിലെ അംഗണവാടി ജീവനക്കാരിയുടെ സ്വര്‍ണ മാലയാണ് കാക്ക കൊത്തിക്കൊണ്ട് പോയത്. കുടുക്കവളവ് പതിമൂന്നാം വാര്‍ഡിലെ 77-ാം നമ്പര്‍ ശിശുഭവന്‍ അംഗണവാടി ജീവനക്കാരി ഷെർലി തോമസിന്റെ മൂന്നര പവന്റെ സ്വര്‍ണ മാലയാണ് അംഗണവാടിയുടെ കോണിപ്പടിയിലിരുന്ന കാക്ക തഞ്ചം നോക്കി തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം രാവിലെ അംഗണവാടി വൃത്തിയാക്കുമ്പോള്‍ മാല ചൂലില്‍ ഉടക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് കോണിപ്പടിയില്‍ മാല ഊരിവയ്ക്കുകയായിരുന്നു. മാലയ്‌ക്കൊപ്പം ഒരു ഭക്ഷണപ്പൊതിയും ഉണ്ടായിരുന്നു. ഇതെല്ലാം മുകളിൽ ഇരുന്ന് ഒരാൾ നോക്കിക്കാണുന്നുണ്ടായിരുന്നു.

ഷെർലിയുടെ കണ്ണ് തെറ്റിയ സമയത്ത് കാക്ക പറന്നുവന്നു. ഭക്ഷണം ആയിരുന്നു ലക്ഷ്യം. പക്ഷേ പറന്ന് ലക്ഷ്യസ്ഥാനത്തേക്ക് എത്തിയപ്പോഴാണ് മാല കണ്ടത് മാലയും കൊത്തി പറന്നു. മാല കാക്ക കൊണ്ടു പോകുന്നത് കണ്ടതോടെ ഷെർലി ബഹളം വെച്ച് പിന്നാലെ ഓടി. ബഹളം കേട്ട് നാട്ടുകാര്‍ കാക്കയുടെ പിന്നാലെ ഓടുകയും ചെയ്തു. എന്നാല്‍, പുഞ്ചപ്പാടവും കാടും തോടും നിറഞ്ഞ പ്രദേശത്തേക്കായിരുന്നു കാക്ക മാലയും കൊണ്ട് പറന്നത്. എങ്കിലും തൊട്ടടുത്ത മരത്തില്‍ ഇരുന്നത് രക്ഷയായി. പിന്നാലെ ഓടിയ നാട്ടുകാരിലൊരാള്‍ കാക്കയെ ഉന്നം നോക്കി എറിഞ്ഞതോടെ, അതിന്റെ കൊക്കില്‍ നിന്നും മാല താഴേക്ക് വീണു. കാക്കയുടെ മാലയിടമെന്ന മോഹം പൊലിഞ്ഞെങ്കിലും മൂന്നര പവന്റെ മാല തിരിച്ചുകിട്ടിയ സന്തോഷത്തിലും ആശ്വാസത്തിലും ആണ് ഷെർലി.

 

PREV
Read more Articles on
click me!

Recommended Stories

കേരള പത്ര പ്രവര്‍ത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കര്‍ അന്തരിച്ചു
പി എം ശ്രീയിലെ ഇടപെടല്‍; ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി, 'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'